ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ ഹൈഹീലുകള്‍ നിര്‍ബന്ധമാക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഗവേഷകരാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ഹൈഹീല്‍ ഷൂസുകളുടെ അപകടങ്ങളേക്കുറിച്ച് പഠനം നടത്തിയ അബര്‍ദീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇത്തരം ഷൂസുകള്‍ സ്ത്രീയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെങ്കിലും പേശികള്‍ക്കും അസ്ഥികള്‍ക്കും ദോഷകരമാണ്. പരിക്കുകള്‍ക്കുള്ള സാധ്യതയും ഇവ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

ഹൈഹീല്‍ഡ് ചെരുപ്പുകള്‍ നിര്‍ബന്ധിതമാക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഹൈഹീല്‍ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോള തോര്‍പ്പ് എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനത്തിന് ആവശ്യമുയര്‍ന്നത്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്നായിരുന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്.

ഫ്‌ളാറ്റ് ഷൂസുകള്‍ ധരിച്ചെത്തിയ തോര്‍പ്പിനോട് 4 ഇഞ്ച് വരെ ഉയരമുള്ള ഹീലുകള്‍ ഉപയോഗിക്കണമെന്നാണ് മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ പിന്തുണ അറിയിച്ചു. ഹൈഹീലുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് കൊളംബിയന നിയമ നിര്‍മാണം നടത്തിയതിനോട് ബ്രിട്ടന്‍ പ്രതികരിച്ച രീതിയെയും ഗവേഷകര്‍ വിമര്‍ശിച്ചു.