കണ്ണൂർ പയ്യന്നൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവനടൻ ലോക്കപ്പിൽ തലകറങ്ങി വീണു. സ്വന്തം പീഡനവാർത്ത പത്രത്തിൽ വായിച്ച ഉടനെ ഇയാൾക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വയക്കര മഞ്ഞക്കാട്ടെ പി.എം.അഖിലേഷ് മോൻ എന്ന വൈശാഖാണ് അറസ്റ്റിലായത്.

സിനിമയിൽ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഓഡീഷനായി തൃശൂരിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ വെച്ചും ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നാലോളം സിനിമകളില്‍ വൈശാഖ് എന്ന അഖിലേഷ് മോന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിലും ഇയാള്‍ക്ക് ചെറിയ വേഷമുണ്ട്. ഇതൊക്കെ കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. സിനിമാ രംഗത്തെ പ്രമുഖരുമായി തനിക്ക് വളരെ അധികം അടുപ്പമുണ്ടെന്നും സ്വാധീനമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നു.

പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൈശാഖിനെ പിടികൂടിയത്. പ്രതിയെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലോക്കപ്പിലായിരുന്ന പ്രതി തന്റെ അറസ്റ്റ് വാര്‍ത്ത കണ്ട് ഞെട്ടി. തുടർന്ന് തല കറങ്ങിയ വൈശാഖിനെ പൊലീസ് പയ്യന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴപ്പമൊന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും ഡോക്ടര്‍ പറഞ്ഞ ശേഷമാണ് പൊലീസുകാര്‍ക്കു ശ്വാസം നേരെ വീണത്.

നടനെയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയും ബഹളം. യുവനടന്റെ അച്ഛനും അമ്മയും സ്‌റ്റേഷനില്‍ എത്തിയിരുന്നു. മകന്‍ നിരപരാധിയാണ് എന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ബഹളം വെച്ചത്. വൈശാഖിനെ കണ്ടതോടെ ബഹളം കരച്ചിലേക്ക് മാറി. ഇത് കള്ളക്കേസാണെന്ന് വൈശാഖിന്റെ മാതാപിതാക്കൾ ആരോപിച്ചു. പൊലീസിന് ആള് മാറിയതാണെന്നും മകൻ നിരപരാധിയാണെന്നും മാതാപിതാക്കൾ പറയുന്നു