സിനിമ താരം ഗോകുലനും ധന്യയും വിവാഹിതരായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനെത്തിയത്. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്ത്രതില്‍ വെച്ച് ചടങ്ങുകള്‍ നടന്നു. ചടങ്ങിനു ശേഷം ഇരുവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തു.

കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സ് ആണ് ഗോകുലന്റെ ആദ്യ സിനിമ. ആമേന്‍ എന്ന സിനിമയില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ അഗര്‍ബത്തീസ് കരിയര്‍ ബ്രേക്ക് ചിത്രമായി. ചിത്രത്തില്‍ ജിബ്രൂട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഗോകുലന്‍ അവതരിപ്പിച്ചത്. കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പുണ്യാളനിലെ ജിബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്‌കരയിലെ വെല്‍ഡര്‍, ഇടി എന്ന ചിത്രത്തിലെ കള്ളന്‍ എന്നിവയും ഗോകുലനെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയ കഥാപാത്രങ്ങളാണ്. വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലും ഗോകുലന്‍ മികച്ച കഥാപാത്രങ്ങളായെത്തിയിരുന്നു. നാടക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ഗോകുലന്‍.

വീട്ടുകാര്‍ വഴിയാണ് പെരുമ്പാവൂർ അയ്മുറി സ്വദേശിയായ ധന്യയുടെ വിവാഹാലോചന വരുന്നത്. പിന്നീടുണ്ടായ കൂടിക്കാഴ്ചയില്‍ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു, ലോക്ഡൗണ്‍ ആയതിനാല്‍ നിശ്ചയ ചടങ്ങുകള്‍ ഒന്നും നടത്താതെ നേരെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗോകുലന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനു ശേഷം മമ്മൂട്ടി തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും ഗോകുലന്‍ പറഞ്ഞു. സിനിമ മേഖലയിലെ നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.