കേരളത്തില്‍ വലിയ വിവാദങ്ങളുണ്ടാക്കിയാണ് അനശ്വര നടന്‍ ജയന്‍ മരിക്കുന്നത്. കോളിളക്കം എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു ജയന്റെ മരണം. സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിനിടെ ഹെലികോപ്ടറിന്റെ മുകളില്‍ നിന്നും വീണിട്ടായിരുന്നു മരണം. ജയന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പല അഭ്യൂഹങ്ങളും പരന്നിരുന്നു.

ജയന്‍ മരിച്ചിട്ട് നാല്‍പത് വര്‍ഷങ്ങളായിട്ടും ഇന്നും മരണത്തിലെ ദൂരുഹത മാറിയിട്ടില്ല. അന്ന് നടന്‍ ബാലന്‍ കെ നായരുടെ പേരിലായിരുന്നു പല ആരോപണങ്ങളും ഉയര്‍ന്നത്. ഒരുപാട് വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ പലരും അദ്ദേഹത്തിന് മുകളില്‍ കുറ്റമാരോപിച്ചു. എന്നാല്‍ സിനിമയില്‍ കണ്ടിരുന്നത് പോലെ ആയിരുന്നില്ല അച്ഛനെന്ന് പറയുകയാണ് ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍.  ഒരു പ്രമുഖ സിനിമ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

വില്ലന്‍ വേഷങ്ങളിലാണ് അച്ഛനെ പ്രേക്ഷകര്‍ കൂടുതലും കണ്ടിട്ടുള്ളതെങ്കിലും വീട്ടില്‍ അങ്ങനെ അല്ലായിരുന്നു. വളരെ കൂളായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക് അച്ഛനെ അധികം അടുത്ത് കിട്ടിയിട്ടില്ല. സിനിമയിലെത്തിയതിന് ശേഷം അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു. മിക്ക സമയവും മദ്രാസിലായിരുന്നു. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം മുറിയാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗാലപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങറാണ് അച്ഛന്റെ പതിവ്.

പിന്നീട് മലയാള സിനിമ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണ് അച്ഛന്‍ ഞങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കുട്ടിക്കാലത്ത് ഷൊര്‍ണൂരാണ് ഞാന്‍ പഠിച്ചത്. അതോടെ പത്താം ക്ലാസായപ്പോള്‍ അച്ഛന്‍ എന്ന മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു തമാസം. ഞാന്‍ എപ്പോഴും ഇപ്പോഴും അറിയപ്പെടുന്നത് ബാലന്‍ കെ നായരുടെ മകനായിട്ടാണ്. അതില്‍ വല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട്.

ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് അദ്ദേഹത്തിന്റെ അസ്ത്രം എന്ന ചിത്രത്തിലായിരുന്നു. ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത് പഞ്ചാഗ്നിയിലും. അച്ഛന്റെ മേല്‍വിലാസത്തിലാണ് സിനിമയില്‍ വന്നതെങ്കിലും നമുക്ക് വേണ്ടി മറ്റുള്ളവരുടെ അടുത്ത് ശുപാര്‍ശ ചെയ്യുന്ന രീതിയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സിനിമ ശാശ്വതമായ ഒരു തൊഴിലല്ലെന്നും സിനിമ കിട്ടാതെ ആയാല്‍ ജീവിക്കാന്‍ മറ്റൊരു തൊഴില്‍ പരിശീലിക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്ന് സ്വന്തമായി വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. അതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ ചെറുപ്പത്തിലേ പരിശീലിപ്പിച്ചിരുന്നു.

അന്നത്തെ കാലത്ത് ജയനെ ബാലന്‍ കെ നായര്‍ കൊന്നതാണെന്നൊക്കെ ചിലര്‍ എഴുതി വിട്ടു. ചിലരെഴുതി ജയന്‍ അമേരിക്കയിലാണ് രക്ഷപ്പെട്ടു എന്നൊക്കെ. കോളിളക്കത്തിന്റെ സെറ്റിനിടെ നടന്ന അപകടത്തില്‍ അച്ഛനും പരിക്കേറ്റിരുന്നു. കാലിന്റെ എല്ലു പൊട്ടിയിരുന്നു. ചികിത്സയിലായിരുന്നു അദ്ദേഹം. ജയന്‍ മരിച്ച വിവരം കുറച്ച് ദിവസം കഴിഞ്ഞാണ് അച്ഛനെ അറിയിക്കുന്നത്. അദ്ദേഹത്തിന് അതുള്‍കൊള്ളാന്‍ പറ്റിയില്ല. വല്ലാത്ത വിഷമമായി.

അതിനിടെ അച്ഛന്റെ ഓപ്പോള്‍ എന്ന സിനിമയുടെ ഡബ്ബിങ് തീര്‍ത്തു വീല്‍ചെയറിലാണ് അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ട് പോയിരുന്നത്. ഗോസിപ്പുകളൊന്നും അച്ഛനെ ബാധിച്ചിട്ടില്ല. മഞ്ഞപത്രക്കാര്‍ എഴുതുന്ന വാര്‍ത്തകളും കുപ്രചരണങ്ങളും അച്ഛന്‍ ശ്രദ്ധിക്കാറില്ല. ആദ്യം കുറച്ച് വിഷമമൊക്കെ തോന്നിയിരുന്നു. പിന്നെ പുസ്തകം ചെലവാക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹത്തിന് മനസിലായതോടെ അതൊന്നും ഗൗനിക്കാറില്ലായിരുന്നു.

തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മനസാക്ഷിക്ക് ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് എന്തിന് വിഷമിക്കണം. അതായിരുന്നു അച്ഛന്റെ നിലപാട്. വാര്‍ത്തകളെ കണ്ട് ഭയന്ന് പുറത്തിറങ്ങാതെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെയൊന്നും അദ്ദേഹം ഇരുന്നിട്ടില്ല. കോളിളക്കത്തിന്റെ അണിയറ പ്രവര്‍ത്തകരോ അല്ലെങ്കില്‍ സിനിമയിലുള്ള സുഹൃത്തുക്കളോ ഒന്നും ബാലന്‍ കെ നായര്‍ എന്ന വ്യക്തിയെ തെറ്റിദ്ധരിച്ചിട്ടില്ല.