പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് രാജ്യത്ത് പുരോഗമിക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലോകം നേരിടുന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ മനോരമ ന്യൂസിനോട് നടത്തിയ മോഹന്‍ലാലിന്റെ പ്രതികരണത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വൈകുന്നേരം വീടിന് പുറത്തിറങ്ങി നിന്ന് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മോഹൻലാൽ വ്യാഖ്യാനിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ-

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നത്’.