കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ജനത കര്‍ഫ്യൂ എന്ന് നടന്‍ സലിം കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ജനത കര്‍ഫ്യൂ മൂലം ഇല്ലാതാകുമെന്നാണ് സലിം കുമാര്‍ അവകാശപ്പെടുന്നത്. ഇതിലൂടെ സ്വഭാവികമായും ചങ്ങല മുറിയുമെന്നും നടന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ഫ്യൂ പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂവെന്നും കൂടി സലിം കുമാര്‍ ഓര്‍മിപ്പിക്കുന്നു. ജനത കര്‍ഫ്യൂവിനെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ കൈയടിച്ചോ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയേയും സലിം കുമാര്‍ സ്വാഗതം ചെയ്യുകയാണ്.

നമുക്ക് വേണ്ടി രാപകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യവകുപ്പ് ജിവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്നതിലെന്താണ് തെറ്റ് എന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നാണ് സലിം കുമാര്‍ പറയുന്നത്.

വേറൊരു അഭ്യര്‍ത്ഥനയും സലിം കുമാര്‍ ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. ജനത കര്‍ഫ്യുവിനെ ട്രോളാന്‍ തന്റെ മുഖം ഉപയോഗിക്കരുതെന്നാണ് ആ അഭ്യര്‍ത്ഥന. ജനത കര്‍ഫ്യു പ്രഖ്യപനം വന്നതിനു പിന്നാലെ ഇറങ്ങിയ ട്രോളുകളില്‍ തന്റെ മുഖം വച്ചുള്ള ട്രോളുകള്‍ കൂടുതലായിരുന്നുവെന്നും നേരിട്ടതില്‍ ബന്ധമില്ലെങ്കിലും തനിക്കതില്‍ പശ്ചാത്താപമുണ്ടെന്നാണ് നടന്‍ പറയുന്നത്. അത്തരം ട്രോളുകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് സലിം കുമാര്‍ അപേക്ഷിക്കുന്നത്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ’ എന്നുള്ള ഓര്‍മപ്പെടുത്തലും സലിം കുമാര്‍ പങ്കുവയ്ക്കുന്നുണ്ട്.