നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. പൾസർ സുനിയടക്കമുള്ള പ്രതികൾ കാറിൽ വച്ച് നടിക്കെതിരെ നടത്തിയ​ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്. അതേസമയം കേസിൽ ഉടൻ ഉന്നതർ പിടിയിലാകുമെന്നും സൂചനകളുണ്ട്.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേമ്പനാട്ട് കായലിൽ എറിഞ്ഞെന്നും, ഓടയിൽ ഒഴുക്കിയെന്നും നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു. പൾസർ സുനിയുടെ അഭിഭാഷകനെയടക്കം പരിശോധിച്ചിട്ടും പൊലീസിന് മെമ്മറി കാർഡ് കണ്ടെത്താനായിരുന്നില്ല. മെമ്മറി കാർഡ് ഇപ്പോഴും ലഭിച്ചതായി വിവരമില്ല. അതേസമയം ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് എപ്പോഴത്തേതാണെന്ന് മാത്രമാണ് സ്ഥിരീകരിക്കാനുള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽ നിന്നും ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയെ മാറ്റിയെന്ന വാർത്തകൾ തെറ്റാണെന്ന് ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഡിജിപി ടി.പി.സെൻകുമാർ കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ ഡിജിപി ബെഹ്റ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ആരാഞ്ഞു.

അന്വേഷണ സംഘം വിപുലമാക്കാനും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും സന്ധ്യയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് പിന്നീട് ഡിജിപി വ്യക്തമാക്കി. കേസ് വലിച്ചുനീട്ടരുതെന്നും വേഗത്തിൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

“കൂടിയാലോചനകൾക്ക് ശേഷമാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. സംഘത്തിൽ ഏകോപനത്തിന്റെ പ്രശ്നമില്ല.”, ഡിജിപി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ പോരായ്മയില്ലെന്ന് എ.ഡി.ജി.പി സന്ധ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി അവർ ഡി.ജി.പിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് എ.ഡി.ജി.പി ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് ടി.പി.സെൻകുമാർ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസിനെ പറ്റിയുള്ള പല കാര്യങ്ങളും അറിയുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ന്ന്കിട്ടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘത്തെ മാറ്റിയതായി റിപ്പോര്‍ട്ട് വന്നത്.

Read more.. കാവ്യയെയും അമ്മയെയും പറ്റി വിവരമില്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്കു മാറിയെന്നു സൂചന; നാദിര്‍ഷയും ഒളിവില്‍; എല്ലാവരും നിരീക്ഷണത്തിലെന്ന് പോലീസ്