കൊച്ചി∙ നടൻ ദിലീപിന്റെ ക്വട്ടേഷനിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവുകളായ വിഡിയോ ദൃശ്യങ്ങൾ പ്രതികൾക്കു മുന്നിൽ കാണിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. അടച്ചിട്ട കോടതി മുറിയിലിൽ ലാപ്ടോപ്പിലാണ്  ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക. മുറിയിൽ നിന്ന് എല്ലാവരെയും പുറത്തിറക്കിയിരിക്കുകയാണ്. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ എത്തിയിട്ടുണ്ട്. അഡി. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിലാണ് ദൃശ്യങ്ങൾ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.

പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നു ഫോറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറുമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയിരിക്കുന്നത്. നിലവിൽ ദിലീപിന്റെ അഭിഭാഷകനും, ദിലീപ് നിയോഗിച്ച വിദഗ്ധനും എത്തി. രാവിലെ കോടതിയില്‍ എത്താതിരുന്ന ദിലീപ് ഉച്ചയ്ക്കു ശേഷം കോടതിയിലെത്തി. വിഡിയോ ദൃശ്യങ്ങൾ ഒറ്റയ്ക്കു കാണണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നെങ്കിലും ഇന്ന് ആദ്യവട്ട പരിശോധനയ്ക്കുശേഷം ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.ദൃശ്യങ്ങളുടെ കോപ്പി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ദിലീപിനു ദൃശ്യങ്ങൾ കാണുന്നതിനുള്ള അനുമതി മാത്രമാണ് കോടതി അനുവദിച്ചത്. ഈ സാഹചര്യത്തിൽ മറ്റു പ്രതികളും വിഡിയോ പരിശോധിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ എല്ലാവരുടെയും അഭിഭാഷകർക്കും നിയോഗിക്കുന്ന വിദഗ്ധർക്കും ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കുന്നതിനു കോടതി അനുമതി നൽകുകയായിരുന്നു. നടൻ ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചത്.

കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിലീപ് മാത്രമാണ് അതു ചെയ്തത്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്നായിരുന്നു കോടതി നിർദേശം. 2017 ഫെബ്രുവരി 17നാണു യുവനടിയെ തട്ടിക്കൊണ്ടുപോയി വിഡിയോ ദൃശ്യങ്ങൾ പകർത്തിയത്.