ന്യൂഡല്‍ഹി: നടി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലീസ് ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ തിനക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാല്‍ നിരപരാതിത്വം തെളിയിക്കുന്നതിനായി ഇവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ അത് ചോരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച വിചാരണാക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.