തിരുവനന്തപുരം: തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍. പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതിയില്‍ എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയില്‍ വൈര്യുധ്യമുണ്ടെന്ന് വ്യക്തമായി.

ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുദേഷ്‌കുമാറിനോടും ഭാര്യയോടും മകളോടും സമയം ചോദിച്ചിട്ടുണ്ട്.

നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സുധേഷ് കുമാര്‍ പറഞ്ഞിരുന്നു. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.