അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയെ (41) കൊലപ്പെടുത്താനുള്ള കത്തി ഒന്നര വര്‍ഷം മുമ്പുതന്നെ ഗിരോഷ് കൈയില്‍ കരുതിവച്ചിരുന്നു. ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സെലീനയെ അതിക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിന് (30) അല്‍പ്പം പോലും മനസ്സ് ഇടറിയില്ല. അരുംകൊലയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. റിമാന്‍ഡിലായ ഗിരോഷിന്റെ മൊഴിയില്‍ വിശ്വസിച്ചു നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെയാണ് ധൃതഗതിയില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍, കൊലപാതകത്തിനു ശേഷം സെലീനയുടെ മൊെബെല്‍ ഫോണ്‍ കവര്‍ന്നതായി പ്രതി സമ്മതിച്ചു. ആദ്യമൊഴിയില്‍ ഇത് പ്രതി നിരസിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ വീണ്ടും വിശദമായി ചോദ്യം ചെയ്തു വരികയാണ്. കത്തി കൊണ്ട് സെലീനയെ തൊണ്ടക്കുഴിയില്‍ കുത്തി വീഴ്ത്തി മരണം ഉറപ്പാക്കുന്നതിനു മുന്‍പ് ഭാഗികമായ നിലയില്‍ ലൈംഗിക പീഡനവും നടത്തി. തുടര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം മൊെബെല്‍ കവര്‍ന്ന് റോഡിലെത്തി. അടിമാലി ഭാഗത്തേക്ക് 250 മീറ്ററോളം സഞ്ചരിച്ച് ഫോണ്‍ പ്രവര്‍ത്തന ക്ഷമമാക്കി കാട്ടിലെറിഞ്ഞു കളഞ്ഞു. തിരികെ വീട്ടിലെത്തിയാണ് കത്തി ഉപയോഗിച്ച് ഇരുപതോളം മാരകമുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടാക്കുകയും മാറിടം മുറിച്ച് തൊടുപുഴക്ക് കൊണ്ടുപോയതും. ഇതിനിടെ ഇരുമ്പുപാലത്തിനു സമീപം മെഴുകുംചാലിലെ സര്‍ക്കാര്‍ മദ്യശാലയിലുമെത്തി. ഇവിടെയെല്ലാം പ്രതിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. കാടുവെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും മൊെബെല്‍ കണ്ടെത്താനായില്ല. ഇന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന തുടരും. പ്രതിയുടെ മൊഴിയില്‍ മാറ്റങ്ങള്‍ വരുന്നത് അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ ബസുടമയ്ക്കും ഇയാളുടെ ബസില്‍ മുന്‍പ് ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവിനും സംഭവത്തില്‍ പങ്കുള്ളതായി എസ്.പിക്ക് ഗിരോഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ പലവട്ടം ചോദ്യം ചെയ്‌തെങ്കിലും തമ്പുണ്ടായിട്ടില്ല. ഗിരോഷ് മൊഴിയില്‍ പറഞ്ഞിട്ടുള്ള ബാങ്കിടപാടുകളുടെ രേഖകള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളില്‍ ഒന്നൊന്നായി പോലീസ് കൃത്യത ഉറപ്പുവരുത്തി വരികയാണ്. ശനിയാഴ്ചയോടെ ഗിരോഷിനെ തിരികെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.