ലണ്ടന്‍: സഹപ്രവര്‍ത്തകരായിരുന്നവരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി കാത്തിരുന്ന മുന്‍ എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് പിടിയില്‍. സഹപ്രവര്‍ത്തകരോടുള്ള ശത്രുത മൂലം ഇവരെ കൊലപ്പെടുത്താന്‍ ഇയാള്‍ ആയുധങ്ങളും സംഭരിച്ചിരുന്നു. ഡോ. മാര്‍ട്ടിന്‍ വാറ്റ് എന്ന 62കാരനാണ് പിടിയിലായത്. ലാനാര്‍ക്ക്ഷയറിലെ എയര്‍ഡ്രീയിലുള്ള മോങ്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിന് കാരണം തന്റെ സഹപ്രവര്‍ത്തകരാണെന്ന് വിശ്വസിച്ചാണ് അവരെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ സംഭരിച്ചതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.

മൂന്ന് സ്‌കോര്‍പിയോണ്‍ സബ് മെഷീന്‍ ഗണ്ണുകള്‍, രണ്ട് വാള്‍ട്രോ പിസ്റ്റളുകള്‍, 57 ഡം ഡം ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വെടിയുണ്ടകള്‍ തുടങ്ങിയവ് വാറ്റിന്റെ കുംബര്‍നോള്‍ഡിലുള്ള വീട്ടില്‍ കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവരില്‍ പലരുടെയും മേല്‍വിലാസങ്ങളും കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാറ്റ് രേഖപ്പെടുത്തിയിരുന്നു. റോബര്‍ട്ട് ഡിനീറോ അഭിനയിച്ച കില്ലര്‍ എലീറ്റ് എന്ന സിനിമയെ മാതൃകയാക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഗ്ലാസ്‌ഗോ ഹൈക്കോര്‍ട്ടിനു മുന്നില്‍ വാദമുണ്ടായി.

ആയുധങ്ങള്‍ സംഭരിച്ചത് സമ്മതിച്ച വാറ്റ് അവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇതെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലപാതകങ്ങള്‍ നടത്താനായിരുന്നു വാറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ അലെക്‌സ് പ്രെന്റിസ് ക്യുസി, ഡോ.വാറ്റിന് പലരോടും ശത്രുതയുണ്ടായിരുന്നുവെന്നും വാദിച്ചു. ഹാര്‍ട്ട് അറ്റാക്കിനും അതിനോട് അനുബന്ധിച്ചുണ്ടായ ശസ്ത്രക്രിയക്കും ശേഷം ജോലിക്കെത്താന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് വാറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം. എന്നാല്‍ താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് ഡോ.വാറ്റ് വാദിച്ചത്.