പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അഫീല്‍ കായികലോകത്തു നിന്ന് വിടവാങ്ങി. പാലാ സന്റെ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോണ്‍സണ്‍ ജോര്‍ജിന്റെ ഏകമകന്‍ അഫീല്‍ ജോണ്‍സണാണ് (16) മരിച്ചത്. കായികമേളയില്‍ വളന്റിയറായിരുന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.45ന് ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കായിക കേരളത്തെ നടുക്കിയ ദുരന്തം ഈ മാസം നാലിന് ഉച്ചക്ക് 12നായിരുന്നു.

പാലാ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ 18 വയസ്സില്‍താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരത്തിനിടെയായിരുന്നു അപകടം. ഹാമര്‍േത്രാ പിറ്റിനോട് ചേര്‍ന്ന് നടത്തിയ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ജാവലിന്‍ മത്സരത്തിന്റെ വളന്റിയറായിരുന്നു അഫീല്‍. രണ്ടുമത്സരം ഒന്നിച്ചുനടത്തിയപ്പോള്‍ ആദ്യമെറിഞ്ഞ ജാവലിന്റെ ദൂരം രേഖപ്പെടുത്താനെത്തിയ അഫീലിന്റെ തലയിലേക്ക് സമീപത്തെ പിറ്റില്‍നിന്ന് പെണ്‍താരം എറിഞ്ഞ ഹാമര്‍ ദിശമാറി പതിക്കുകയായിരുന്നു. പെട്ടെന്ന് താഴേക്ക് കുനിഞ്ഞ കുട്ടിയുടെ ഇടതുകണ്ണിന്റെ മുകള്‍ഭാഗത്ത്.

നെറ്റിയോട് ചേര്‍ന്നാണ് ഹാമര്‍ പതിച്ചത്. മൂന്നുകിലോ ഭാരമുള്ള ഹാമര്‍ ഏകദേശം 35 മീറ്റര്‍ അകലെനിന്നാണ് എറിഞ്ഞത്. മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ ഡോക്ടര്‍മാരും ബന്ധുക്കളും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായി. രണ്ടുതവണ ഡയാലിസിസ് നടത്തിയെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു.