ചെലവു കുറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് ബില്യന്‍ പൗണ്ടിന്റെ പദ്ധതി വരുന്നു. പ്രധാനമന്ത്രി തെരേസ മേയ് ഇതിനായുള്ള പദ്ധതി ഇന്ന് പ്രഖ്യാപിക്കും. രണ്ട് ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പണം ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് കൈമാറും. അസോസിയേഷനുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയാണ് ആദ്യപടി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ പണത്തിനായി അസോസിയേഷനുകള്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ ഹൗസിംഗിലുള്ള സമൂഹത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2028-29 വര്‍ഷം വരെ ഈ പണം വിനിയോഗിക്കാന്‍ അസോസിയേഷനുകള്‍ക്ക് അനുമതി ലഭിക്കും.

ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് പ്രാതിനിധ്യമുള്ള നാഷണല്‍ ഹൗസിംഹ് ഫെഡറേഷന്‍ യോഗത്തിലായിരിക്കും പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തുക. അടുത്ത സ്‌പെന്‍ഡിംഗ് റിവ്യൂ പീരിയഡിലെ ഹൗസിംഗ് ബജറ്റുകളില്‍ നിന്നായിരിക്കും പദ്ധതിക്കായുള്ള തുക അനുവദിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ പൂര്‍ണ്ണമായി ലഭ്യമാകുകയുള്ളു എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കുക എന്നതില്‍ ഉപരിയായി അസോസിയേഷനുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിരത നല്‍കുക എന്നതു കൂടിയാണ് പദ്ധതി ഉറപ്പാക്കുന്നതെന്ന് പ്രസ്താവനയില്‍ മേയ് പറയും.

600 മില്യന്‍ പൗണ്ട് മൂല്യമുള്ള പദ്ധതികള്‍ എട്ട് അസോസിയേഷനുകള്‍ക്കായി ഇപ്പോള്‍ത്തന്നെ അനുവദിച്ചു കഴിഞ്ഞു. ഈ പണം ഉപയോഗിച്ച് 15,000 ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കാനാകും. ലോക്കല്‍ അതോറിറ്റികള്‍ക്കും പ്രൈവറ്റ് ബില്‍ഡര്‍മാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ഹൗസിംഗ് മേഖലയില്‍ നേട്ടമുണ്ടാക്കാനായിരിക്കും അസോസിയേഷനുകളോട് മേയ് ആവശ്യപ്പെടുക. ലോക്കല്‍ അതോറിറ്റി, ഹൗസിംഗ് അസോസിയേഷന്‍ ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതു സംബന്ധിച്ചുണ്ടാകുന്ന അപകര്‍ഷതയും ആശങ്കയും ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.