സ്വന്തം ലേഖകൻ

സ്റ്റാൻഫോർഡ്: ആഫ്രിക്കൻ ടർക്കോയ്സ് കില്ലിഫിഷിന് വളർച്ച താത്കാലികമായി നിർത്തിവെക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ. ടർക്കോയ്‌സ് കില്ലിഫിഷിന് അതിന്റെ ശരാശരി ആയുസ്സിനേക്കാൾ കൂടുതൽ കാലം അതിന്റെ വളർച്ച നിർത്തിവയ്ക്കാൻ കഴിയും. കില്ലിഫിഷ് ഉൾപ്പെടെയുള്ള ചില ജീവികൾക്ക് സ്വയം ഭ്രൂണമായി സസ്പെൻഡ് ആനിമേഷനിലേക്ക് പ്രവേശിക്കാൻ കഴിയും – ഇത് ഡയപോസ് എന്നറിയപ്പെടുന്നു. പരിസ്ഥിതിയിലെ കാലാനുസൃതമായ മാറ്റങ്ങൾ മൂലമാണ് ഈ ജീവികളിൽ ഡയപോസ് ഉണ്ടാകുന്നത്. കില്ലിഫിഷിന്റെ കാര്യത്തിൽ ഭ്രൂണാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ വളർച്ച മാസങ്ങളോ വർഷങ്ങളോ ആയി നിർത്തിവെക്കാൻ കഴിയും. ഈ സവിശേഷത വരൾച്ചയുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡയാപോസിന്റെ സംവിധാനം നേരിട്ട് വരൾച്ച മൂലമാണെന്ന് ഞങ്ങൾ കരുതുന്നില്ല,” സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷക ആൻ ബ്രൂനെറ്റ് പറഞ്ഞു.

 

“സസ്പെൻഡഡ് ലൈഫിന്റെ ” കൗതുകകരമായ അവസ്ഥയാണ് ഡയാപോസ്. സങ്കീർണ്ണമായ ഒരു ജീവിയെ ദീർഘകാലത്തേക്ക് ഇതിലൂടെ സംരക്ഷിക്കാൻ കഴിയും ”ബ്രൂനെറ്റ് പറഞ്ഞു. ഡയാപോസ് പ്രക്രിയയിൽ കോശവളർച്ചയും അവയവങ്ങളുടെ വളർച്ചയും കുറയും. മെറ്റബോളിസവും ബാധിക്കും. സിബിഎക്സ് 7 എന്ന പ്രോട്ടീന്റെ ഉൽ‌പാദനത്തിൽ വർദ്ധനവുണ്ടാകും. ന്യൂക്ലിയസിൽ, ഹിസ്റ്റോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിൽ പൊതിഞ്ഞാണ് ഡി‌എൻ‌എ ഉള്ളത്. സിബിഎക്സ് 7 പ്രത്യേക ഹിസ്റ്റോണുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ ബൈൻഡിംഗ് നിരവധി ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും. അവയിൽ ചിലത് പേശികളുടെ പ്രവർത്തനത്തിലും മെറ്റബോളിസത്തിലും ഉൾപ്പെടുന്നു. ഇതിന്റെ ഫലമായി ഡയപോസിൽ ഉടനീളം പേശികൾ നിലനിൽക്കുന്നു.

ചെറിയ ജീവികളിൽ ഇത് പരീക്ഷിച്ചു – റൗണ്ട് വോറം സി എലഗൻസിൽ അവയുടെ ലാർവകൾക്ക് ഡയപോസിന് വിധേയമാകാൻ കഴിയും. ഒപ്പം ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതായും കണ്ടെത്തി. ഈ പഠനം, മനുഷ്യരിൽ എങ്ങനെ വാർദ്ധക്യം തടയാം എന്ന സൂചനകൾ നൽകുന്നു. എന്നാൽ എത്രത്തോളം പ്രയോഗികമാണെന്ന കാര്യം സംശയമാണെന്ന് ആൻ പറഞ്ഞു. പുതിയ പഠനം മനുഷ്യന്റെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനോ തടയാനോ ഉള്ള വഴികൾ നൽകുമെന്ന കാര്യം വ്യക്തമല്ലെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ ബയോളജിക്കൽ ഏജിംഗിലെ വിദഗ്ദ്ധനായ പ്രൊഫ. പോൾ ഷിയൽസ് പറഞ്ഞു.