ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവുമോ എന്ന ചോദ്യം അനാവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഒരു അട്ടിമറിയും സാധ്യമല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുനിൽ ആറോറ ഇക്കാര്യം വ്യക്തമാക്കിയത്. ‘ടൈംസ് നൗ സമ്മിറ്റ്’ നെ അഭിസംബോധന ചെയ്യ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കാറിലോ പേനയിലോ ഉണ്ടാവുന്നത് പോലെയുള്ള സാങ്കേതിക പ്രശ്‌നങ്ങൾക്ക് സമാനമായ സംഭവങ്ങൾ മാത്രമാണ് വോട്ടിങ് യന്ത്രങ്ങളിലും ഉണ്ടാവുക. പൂര്‍ണ്ണമായ അട്ടിമറി ഒരിക്കലും സാധ്യമല്ല. സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ വ്യക്തമാക്കി.

അതേസമയം, കാലം മാറുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിഷ്കാരങ്ങളും കൊണ്ട് വരണമെന്ന അഭിപ്രായവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മുന്നോട്ട് വച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.