ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതരാകുന്നതിനുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഉണ്ടായിരുന്നില്ലെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അടുത്തിടെ ബോക്‌സോഫീസ് ഹിറ്റായി മാറിയ സെയ്ഫ് അലി ഖാന്റെ ചിത്രം താനാജിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു സെയ്ഫിന്റെ പരാമര്‍ശം.

ചിത്രത്തില്‍ വരച്ചുകാട്ടിയ ചരിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ എന്ന ആശയം എന്നു പറഞ്ഞു കൊണ്ട് സെയ്ഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങള്‍ക്ക് ഇടയാക്കി. അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു പോസ്റ്റ് സെയ്ഫ് ഇടാന്‍ കാരണവും.

താനാജിയിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നതല്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍ സെയ്ഫ് പറഞ്ഞ മറുപടി ഇങ്ങനെ.. ഈ ചിത്രത്തിലുള്ള യഥാര്‍ത്ഥ ചരിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടീഷ് ഇവിടം വിട്ട് പോകുന്നതിനു തൊട്ടുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ എത്തി.

തനിക്ക് ചരിത്രം നന്നായി അറിയാമെന്ന് പറഞ്ഞ് സെയ്ഫ് ചരിത്ര ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താനാജി എന്ന ചിത്രത്തില്‍ ചരിത്രത്തെ മാറ്റി കുറിച്ചത് ഞാന്‍ എതിര്‍ത്തിട്ടില്ല. ചില കാരണങ്ങള്‍ കൊണ്ട് അത്തരമൊരു നിലപാട് എടുക്കാന്‍ സാധിച്ചില്ല. അടുത്ത തവണ സാധിച്ചേക്കുമെന്നും സെയ്ഫ് പറയുകയുണ്ടായി.

ഇത് ചരിത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. ചരിത്രത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും താരം പറയുന്നു. ഇന്ത്യയെന്ന സങ്കല്‍പ്പം ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിനെക്കുറിച്ച് ഉറക്കെ തര്‍ക്കിക്കാനൊന്നും താല്‍പര്യമില്ലെന്നും താരം പറഞ്ഞു.

ഈസ്റ്റ് ഇന്ത്യാ കമ്പനി 1600ല്‍ സ്ഥാപിതമായിട്ടുണ്ടെന്നും, കൊളംമ്പസ് ഇന്ത്യ കണ്ടുപിടിക്കാന്‍ 1492ല്‍ പോയിട്ടുണ്ടെന്നും, ഇന്ത്യന്‍ മഹാസമുദ്രം എന്ന പേര് 1515മുതല്‍ ഉണ്ടെന്നും സെയ്ഫിന് അറിയാമല്ലോ എന്ന വിമര്‍ശകന്‍ ചോദിക്കുന്നു. സെയ്ഫ് പറഞ്ഞത് ശരിയാണെന്നും കൊളംമ്പസ് പോകിസ്താന്‍ കണ്ടുപിടിക്കാനാണ് ഇറങ്ങിയതെന്നും, 1400 വര്‍ഷത്തോളം പഴക്കമുണ്ട് പാകിസ്ഥാനെന്നും, ഇന്ത്യ ചരിത്ര പുസ്തകം തിരുത്തിയെന്നുമാണ് മറ്റൊരു പരിഹാസം.