ആറ് വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്.

ആത്മഹത്യ ചെയ്ത യുവതി ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനുമായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതം അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു.

മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കള്‍. ഇതിനെ തുടര്‍ന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ ജന്മദിനമായ 16നു വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.

തിങ്കള്‍ രാവിലെ ഫോണ്‍ ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായതായി പൊലീസ് പറഞ്ഞു. ഇപ്പോള്‍ എത്തിയാല്‍ താന്‍ തൂങ്ങിനില്‍ക്കുന്നതു കാണാമെന്ന് ആര്‍ദ്ര വരനെ അറിയിച്ചുവെന്നാണു വരന്‍ പൊലീസിനു നല്‍കിയ മൊഴി. ആര്‍ദ്രയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരുന്നതിനാല്‍ സംഭവ സമയം വീട്ടില്‍ ആളില്ലായിരുന്നു. ആര്‍ദ്രയുടെ ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു.