സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സം​സ്ഥാ​ന​ത്ത് ബുധനാഴ്ച വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ നിരീക്ഷണ കേ​ന്ദ്രം.കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.   കോഴിക്കോട് പുല്ലൂരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി. കണ്ണപ്പൻകുണ്ട് പുഴയിൽ വെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാം വീണ്ടും തുറന്നു.

ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വയനാട് മട്ടിക്കുന്ന് വനത്തിലും ഉരുൾപൊട്ടലുണ്ടായി. താമരശേരി ചുരത്തിൽ ഒന്പതാം വളവിൽ മണ്ണിടിച്ചിലുമുണ്ടായി. മലപ്പുറം ആഢ്യൻപാറയിൽ വ്യാപക ഉരുൾപ്പൊട്ടൽ. അപകടാവസ്ഥ കണക്കിലെടുത്ത് ആഢ്യൻപാറ ജലവൈദ്യുത പദ്ധതി അടയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.   ഇടുക്കി മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടർന്ന് ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ വെള്ളം കയറി. ചുരുളിയിലും കൊരങ്ങാട്ടി മേഖലയിലും ഉരുൾപൊട്ടലുണ്ടായി. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞു വീണ് മൂന്നു വീടുകൾ തകരുകയും ചെയ്തു.