നിയമസഭാ മന്ദിരത്തില്‍ മുലയൂട്ടല്‍ മുറി അനുവദിക്കണമെന്ന് എംഎല്‍എയായ അംഗൂര്‍ലത ദേഖ. നിയമസഭ കൂടുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഇടയ്ക്കിടെ പോവേണ്ടി വരുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് അംഗൂര്‍ലതയുടെ ആവശ്യം. സഭ കൂടുന്നതിനിടെ സെനറ്റ് ഹാളിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലാറിസ്സ വാട്ടേഴ്‌സിന്റെ ചിത്രം കഴിഞ്ഞയിടെ വന്‍ ജനശ്രദ്ധ നേടിയിരുന്നു. നിയമഭേദഗതിയിലൂടെയാണ് ഓസ്‌ട്രേലിയന്‍ സെനറ്റ് ഇതിന് സൗകര്യമൊരുക്കിയത്.

എന്നാല്‍, ഇത്തരമൊരു നിയമം കൊണ്ടുവരണമെന്നൊന്നും താന്‍ ആവശ്യപ്പെടുന്നില്ലെന്നും സഭ കൂടുന്നതിനടുത്ത് ഒരു മുറി അനുവദിച്ച് നല്കണമെന്നുമാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. താന്‍സാനിയന്‍ പാര്‍ലമെന്റിലൊക്കെ ഇത്തരം സൗകര്യമുണ്ടെന്നും അംഗര്‍ലത ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 3നാണ് അംഗൂര്‍ലത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. പ്രസവാവധിയായി 6 മാസം ലഭിക്കും എന്ന നിയമം നിലവിലുണ്ടെങ്കിലും എംഎല്‍എമാര്‍ക്കോ എംപിമാര്‍ക്കോ ഇത് ബാധകമല്ല.

ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് നീണ്ട കാലത്തെ അവധിയെന്നാണ് അംഗൂര്‍ലതയുടെ അഭിപ്രായം. അതുകൊണ്ടാണ് സെപ്തംബര്‍ നാലിന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗൂര്‍ലതയ്ക്ക് പങ്കെടുക്കേണ്ടി വന്നത്. ഓരോ മണിക്കൂറിടവിട്ട് കുഞ്ഞിനരികിലെത്തി മുലയൂട്ടി തിരിച്ചുവന്ന് സഭാനടപടികളില്‍ പങ്കെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടാണ് പ്രത്യേക മുറി എന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്രമോഹന്‍ പട്ടൗരിക്ക് അപേക്ഷ നല്കിയത്. ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എയാണ് നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ അംഗൂര്‍ലത.

എന്നാല്‍, അംഗൂര്‍ലതയുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയുടെ പ്രതികരണം. എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് അകലെയാണെന്ന് കരുതുന്നില്ലെന്നും പോയിവരാവുന്ന ദൂരമേ ഉള്ളെന്നും അംഗൂര്‍ലതയ്ക്ക് ഇടയ്ക്കിടയ്ക്ക് കുഞ്ഞിന്റടുത്ത് പോയിവരുന്നതില്‍ തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മുലയൂട്ടല്‍ മുറി എന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യത കാണുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.