ഡിമെന്‍ഷ്യയും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. യുകെയില്‍ അന്തരീക്ഷ മലിനീകരണം 60,000ത്തോളം പേര്‍ക്കെങ്കിലും ഡിമെന്‍ഷ്യയുണ്ടാക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ള മലിനീകരണം ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മറവിരോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു. പഴയ ഡീസല്‍ കാറുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഡയോക്‌സൈഡ്, കരിയടങ്ങിയ പുക എന്നിവയാണ് ഡിമെന്‍ഷ്യയുമായി ഏറ്റവും ബന്ധമുള്ള ഘടകങ്ങളെന്നും പഠനക്കില്‍ സ്ഥിരീകരിച്ചു. വിഷവസ്തുക്കള്‍ അടങ്ങിയ പുകയ്ക്ക് അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ മറ്റു രൂപങ്ങളുമായും ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകളാണ് കിംഗ്‌സ് കോളേജ് ലണ്ടനും സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ ലഭിച്ചത്.

14ല്‍ ഒന്ന് വീതം ഡിമെന്‍ഷ്യ കേസുകള്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ യുകെയിലെ 8.5 ലക്ഷം ആളുകള്‍ മറവിരോഗ ബാധിതരാണ്. 2025ഓടെ ഇത് 10 ലക്ഷമായി ഉയരുമെന്നും 2050ഓടെ 20 ലക്ഷമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ജനിതക കാരണങ്ങളാണ് രോഗത്തിന് പ്രധാനമായും ഉള്ളതെങ്കിലും പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വായു മലിനീകരണം ഡിമെന്‍ഷ്യക്ക് കാരണമാകുമെന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. 60,000 പേര്‍ക്കെങ്കിലും രോഗം വരാനുള്ള സാധ്യത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ ഇല്ലാതാക്കാമെന്നും പഠനത്തില്‍ വ്യക്തമായി.

നൈട്രജന്‍ ഡയോക്‌സൈഡ് ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ കലരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പോസ്റ്റ് കോഡ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൂടെ 40,000 പേരെങ്കിലും ഓരോ വര്‍ഷവും അകാല മരണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഗര്‍ഭിണികളായ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പോലും വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കരിയുടെ അംശം കണ്ടെത്തിയതായി ഈയാഴ്ച പുറത്തു വന്ന മറ്റൊരു പഠനത്തില്‍ പറഞ്ഞിരുന്നു. മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കള്‍ പോലും വിമുക്തരല്ലെന്നാണ് ഇത് തെളിയിക്കുന്നത്.