നമുക്കറിയാം വിമാനം തകര്‍ന്നാല്‍ യാത്രക്കാരില്‍ ഒരാള്‍ പോലും ജീവനോടെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പറക്കുന്നതിനിടെ വിമാനം തകര്‍ന്നാലും യാത്രികരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഭൂമിയിലെത്തിക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്‌ലാദിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയത്.
വിമാനത്തില്‍ നിന്നും വേര്‍പെടുത്താവുന്ന രീതിയിലാണ് സുരക്ഷാ കവചം. വിമാനം പറന്നുയരുമ്പോഴോ പറക്കുമ്പോഴോ ഇറങ്ങുമ്പോഴോ എന്തെങ്കിലും കേട് പാടുകള്‍ സംഭവിച്ചാല്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ ഈ സുരക്ഷാ കവചത്തിന് സാധിക്കും. അന്തരീക്ഷത്തില്‍ വച്ച് അപകടം സംഭവിച്ചാല്‍ പാരച്യൂട്ട് മുഖേനയാണ് സുരക്ഷ കവചം താഴെ എത്തിക്കുക. ഇനി സമുദ്രത്തിലേക്കാണ് ചെല്ലുന്നതെങ്കില്‍ ഇത് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.

വിമാനത്തില്‍ ഘടിപ്പിക്കുന്ന സുരക്ഷ കവചത്തിലാണ് യാത്രക്കാര്‍ ഇരിക്കുന്നത്. ഇതിനിടയില്‍ എന്തെങ്കിലും അപകടം വിമാനത്തിന് സംഭവിച്ചാല്‍ സുരക്ഷാ കവചം വിമാനത്തില്‍ നിന്നും ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കും. തുടര്‍ന്ന് പാരച്യൂട്ട് വഴി സുരക്ഷാ കവചം താഴെ ഇറക്കും. യാത്രക്കാരെയും അവരുടെ സാമഗ്രികളും വഹിക്കാന്‍ കഴിയുന്നതാണ് സുരക്ഷ കവചം.