ലണ്ടന്‍: യുകെയിലെ വിമാനത്താവളങ്ങളിലെ മദ്യവില്‍പനയ്ക്ക് നിയന്ത്രണം വന്നേക്കും. വിമാനയാത്രകളില്‍ മദ്യപിച്ച് എത്തുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്. യാത്രക്ക് മുമ്പ് മദ്യപിച്ച ശേഷം എത്തുന്ന യാത്രക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മിക്കപ്പോഴും യാത്രയെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് വളരുകയാണെന്ന് 2017ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തിയിരുന്നു. മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി അറസ്റ്റിലാകുന്നവരുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ലോര്‍ഡ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലുമുള്ള മദ്യവില്‍പനശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് പദ്ധതി. 2003ലെ ലൈസന്‍സിംഗ് ആക്ട് നടപ്പാക്കാനുള്ള സാധ്യതകള്‍ തേടും. എയര്‍പോര്‍ട്ട് പബ്ബുകളും ബാറുകളും ഇപ്പോള്‍ ഏതു സമയത്തും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തന സമയം നിശ്ചയിക്കും. ഹൈസ്ട്രീറ്റ് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയത്തിനൊപ്പമായിരിക്കും ആ നിയമം നടപ്പായാല്‍ എയര്‍പോര്‍ട്ട് മദ്യശാലകളുടെയും പ്രവര്‍ത്തനം. നിയമം നടപ്പാക്കാനുള്ള ചുമതല കൗണ്‍സിലുകള്‍ക്ക് നല്‍കും.

നിയമ ലംഘനം നടത്തുന്ന മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള അധികാരവും കൗണ്‍സിലുകള്‍ക്ക് ലഭ്യമാക്കും. ഈ നീക്കത്തെ സ്വാഗതം ചെയ്യുകാണെന്ന് വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു. മദ്യപാനികള്‍ വിമാനങ്ങളില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എയര്‍ലൈന്‍ യുകെ ചീഫ് എക്‌സിക്യൂട്ടീവ് ടിം ഓള്‍ഡര്‍സ്ലേഡ് പറഞ്ഞു.