തിരുവനന്തപുരം: ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ കെ ബാലന്‍. അന്വേഷണത്തിനായി മണ്ണാര്‍ക്കാട് തഹസീല്‍ദാരെ ചുമതലപ്പെടുത്തിയതായും മന്ത്രി എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ആദിവാസികളുടെ ശരീരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എ കെ ബാലന്‍ പറഞ്ഞു. അതേ സമയം മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു. ക്രൂരമായി ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് നീതി ലഭ്യമാക്കുക. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം നടക്കുക.

അതിനിടെ മുക്കാലി പാക്കുളത്തെ വ്യാപാരിയായ കെ. ഹുസൈന്‍ അക്രമി സംഘത്തിലുണ്ടായിരുന്ന കരീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.