മലപ്പുറം: എ.കെ.ജിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണ്. നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത ഒരു ചര്‍ച്ചക്കിടയിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും തന്റെ കമന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.

എകെജി വിവാദത്തില്‍ താന്‍ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്ക് യോജിച്ചതല്ലെന്നുള്ള തിരിച്ചറിവുണ്ട്. സിപിമ്മിന് കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറയുകയും പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് സിപിഎമ്മിന്റെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീരേതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞു. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു.

ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ഈ മണ്ണ് നമ്മുടേതെന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈനിസ് ചാരന്മാരായ കമ്യൂണിസ്റ്റുകള്‍ ഇതേ പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടിയിലെ പരിപാടിയില്‍ എത്തിയാല്‍ കാല്‍വെട്ടിമാറ്റുമെന്ന് സിപിഎം അനുകൂല ഫേസ് ബുക്ക് പേജ് ബല്‍റാമിനെതിരെ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.