ശോശാമ്മ ജേക്കബ്

കേരളത്തിലെ നവോത്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരി സമുദായമാകെ ഉണർന്നെഴുന്നേൽക്കുന്ന കാലഘട്ടത്തിലാണ് അക്കിത്തത്തിന്റെ ആദ്യകാല കവിതകൾ എഴുതപ്പെടുന്നത്. നമ്പൂതിരിയുടെ പ്രഭുത്വം ചോദ്യം ചെയ്യപ്പെടുകയും ആചാരങ്ങളുടെ പിടിയിൽ നിന്ന് വഴുതി മാറി ഉയർത്തെഴുന്നേൽക്കാൻ അവർ യത്നിച്ച കാലം. ഇതിനോടെല്ലാം പ്രതികരിച്ച് മാറ്റത്തെ സ്വീകരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.

നമ്പൂതിരിസമുദായത്തിന്റെ ഇടുങ്ങിയ ഘടനയിൽ പ്രണയത്തിന് കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. കുടുംബത്തിലെ മൂത്തയാൾ മാത്രം വേളികഴിക്കുകയും മറ്റുള്ളവർ യഥേഷ്ടം സംബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന അക്കാലത്തെ യഥാർത്ഥ പ്രണയം അർത്ഥവത്തുള്ളതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മധുവിധുവിലെ കവിതകൾ ഇത്തരം സത്യങ്ങൾ വെളിപ്പെടുത്തിയത്. യാഥാസ്ഥിതിക നിലപാടിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം ഈ കവിതകളിലൂടെ ചെയ്തിരുന്നത്.

സമത്വസുന്ദരമായ നല്ല ഉഷസ്സിനെക്കുറിച്ചുള്ള സ്വപ്നത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട വിപ്ലവപ്രസ്ഥാനം ഹിംസയുടെയും ആത്മവഞ്ചനയുടെയും സ്ഥാപനമായിത്തീരുന്നത് കണ്ട കവി നിഷ്കളങ്ക സ്നേഹത്തിന്റെ ഭൂമിയിലേക്ക് മടങ്ങാൻ ആഹ്വാനംചെയ്യുന്ന “ഇരുപതാംനൂറ്റാണ്ടിലെ രഹസ്യം” രചിച്ചു.

നിത്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങൾ വൃത്തബദ്ധമായ ഭാഷയിൽ പറഞ്ഞു പോകുന്നു കവി. ഒരു ഖണ്ഡകാവ്യം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യത്തോളം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യമാണ് ‘ ബലിദർശനം’. സമകാലജീവിതത്തിലെ ജീർണതകളെ വാചാലമായി ചർച്ച ചെയ്യപ്പെടുകയാണ് ഈ കാവ്യത്തിൽ.

മണിയറ, മധുവിധു, മധുവിധുവിനു മുമ്പ്, ഇടിഞ്ഞു പൊളിഞ്ഞ ലോകം, കരതാലമലകം തുടങ്ങിയവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികൾ.

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.