തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടന്‍ അലന്‍സിയറിന്റെ പ്രവര്‍ത്തിയെ സ്വാഗതം ചെയ്ത് ഡബ്യുസിസി. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നതായും ഔദ്യോഗിക പേജിലൂടെ ഡബ്ലിയുസിസി വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ് . ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.