പൂച്ചയെ രക്ഷിക്കാൻ ലോറി ഡ്രൈവർ, ആലപ്പുഴ ദേശീയപാതയിൽ പൊലിഞ്ഞതു രണ്ടുപേരുടെ ജീവൻ; കൊല്ലപ്പെട്ടത് പ്രതിശ്രുത വരനും പിതാവും, പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…..

പൂച്ചയെ രക്ഷിക്കാൻ ലോറി ഡ്രൈവർ, ആലപ്പുഴ ദേശീയപാതയിൽ പൊലിഞ്ഞതു രണ്ടുപേരുടെ ജീവൻ; കൊല്ലപ്പെട്ടത് പ്രതിശ്രുത വരനും പിതാവും,  പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…..
December 16 05:04 2019 Print This Article

റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.

റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്ന‍ിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles