ലോക സിനിമ മേഖലയെ തന്നെ ഞെട്ടിച്ചു കൊണ്ട് ഉയര്‍ന്നു വന്ന മീടൂ ക്യാംപെയിന്‍ മലയാള സിനിമയില്‍ എത്തിയപ്പോള്‍ നടന്‍ അലന്‍സിയറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഏറെ അപ്രതീക്ഷിതമായിരുന്നു. അലന്‍സിയറില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യാ ഗോപിനാഥാണ് രംഗത്തെത്തിയത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്സൈറ്റില്‍ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ച് പേര് വെളിപ്പെടുത്താതെ ദിവ്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ ലേഖനം താനാണ് എഴുതിയതെന്ന് ഫെയ്സ്ബുക്ക് പേജില്‍ ലൈവായി ദിവ്യ അറിയിക്കുകയായിരുന്നു. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ദിവ്യയോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷം താന്‍ അന്ന് കടന്നു പോയ മാനസികാവസ്ഥയെ കുറിച്ചും അനുഭവങ്ങളെ കുറിയ്യും മനസ് തുറക്കുകയാണ് അലന്‍സിയര്‍. സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയത് ആ നാളുകളിലായിരുന്നു എന്ന് അലന്‍സിയര്‍ പറയുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വാര്‍ത്ത അറിയുന്നത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍ സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്ന് അലന്‍സിയര്‍ പറയുന്നു. കൊമേഴ്‌സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ തന്നെയും തന്റെ കുടുംബത്തേയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നും അലന്‍സിയര്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നും അലന്‍സിയര്‍ പറയുന്നു.

അലന്‍സിയറിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ദിവ്യയ്ക്ക് പിന്തുണയുമായി അലന്‍സിയറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയവരില്‍ പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഉണ്ടായിരുന്നു. മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്‌കരന്റെ പ്രതികരണം.

‘മീടൂ വളരെ സീരിയസ്സായി കാണേണ്ട ഒട്ടും തമാശയല്ലാത്ത ഒരു മൂവ്മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ ആരോപണം വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല,’ എന്നായിരുന്നു ശ്യാം അന്ന് പറഞ്ഞത്. എന്നാല്‍ സൗഹൃദം വെറും തേങ്ങയല്ല എന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍ ആയിരുന്നു എന്നാണ് അലന്‍സിയര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.