ടോം ജോസ് തടിയംപാട്

അലഞ്ഞു വന്ന ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും സാന്ത്വനമേകിയ ഭാരതത്തിന്റെ മക്കള്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ സഹിഷ്ണുതയുടെ സ്ഫടികം പോലെയുള്ള മുഖം ഉയര്‍ത്തിപ്പിടിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഞായറാഴ്ച നോര്‍ത്ത് അലേര്‍ട്ടനിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടന്ന മാതാവിന്റെ തിരുന്നാള്‍ ആഘോഷങ്ങള്‍. കേവലം 15 മലയാളി കുടുംബങ്ങള്‍ മാത്രമാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ താമസിക്കുന്നത്. അതില്‍ മൂന്നു കുടുംബങ്ങള്‍ ഹിന്ദു വിശ്വാസികള്‍, രണ്ടു കുടുംബങ്ങള്‍ ഓര്‍ഡോക്‌സ് സഭാവിശൈ്വസികള്‍, ബാക്കി വരുന്നവര്‍ കത്തോലിക്കാ വിശ്വാസികള്‍. എന്നാല്‍ ഇവര്‍ എല്ലാം കൂടിയാണ് സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ തിരുന്നാള്‍ ആഘോഷിച്ചത്.

പള്ളി അലങ്കരിക്കാനും തോരണങ്ങള്‍ കെട്ടുവാനും മുതല്‍ പെരുന്നാളിന്റെ അവസാനം വരെ ഈ ഹിന്ദു കുടുബങ്ങളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. അതിലൂടെ ഭാരതത്തിലേക്ക് കടന്നുവന്ന മുഴുവന്‍ മതങ്ങളെയും വിശ്വാസങ്ങളെയും അഭിമാനത്തോടെ സംരക്ഷിച്ച മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ പിന്‍തലമുറക്കാരാണ് തങ്ങളെന്നു അവര്‍ തെളിയിച്ചു എന്നു പറയാതിരിക്കാന്‍ കഴിയില്ല.

ഓര്‍ത്തോഡോക്‌സ് സഭയില്‍ നിന്നും പിരിഞ്ഞാണ് കേരളത്തില്‍ സീറോ മലബാര്‍ സഭ ഉണ്ടായതെങ്കിലും ഓര്‍ത്തോഡക്‌സ് സഭാ വിശ്വാസികള്‍ ആയ രണ്ടു കുടുംബവും എല്ല ആചാരങ്ങളിലും സജീവമായി പങ്കെടുത്തു. അതോടൊപ്പം ഇംഗ്ലീഷ് കുടുംബങ്ങളും കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്തിരുന്നു. 15-ാം തിയതി ഞായറാഴ്ച 2 മണിക്ക് കൊന്തയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനക്കു ശേഷം പ്രദക്ഷിണവും നടന്നു. യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും വിശ്വസികള്‍ എത്തിച്ചേര്‍ന്നിരുന്നു. നോര്‍ത്ത് അലേര്‍ട്ടന്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായ ഡോക്ടര്‍ ജെറാള്‍ഡ് ജോസഫിന്റെ പിതാവ് കഴിഞ്ഞ ദിവസം നിര്യാതാനായിരുന്നു. അദ്ദേഹത്തിന് അത്മശാന്തിക്കായി പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. ചടങ്ങുകള്‍ക്ക് ഫാദര്‍ ആന്റണി ചുണ്ടകാട്ടില്‍, ഫാദര്‍ ജോസ് തെക്കുനില്‍ക്കുന്നതില്‍, ഫാദര്‍ ജെറാള്‍ഡ് എന്നിവര്‍ നേതൃത്വം കൊടുത്തു.

6 മണിക്ക് പള്ളിയുടെ ഹാളില്‍ ആരംഭിച്ച സാംസ്‌കാരിക പരിപാടിക്ക് മുന്‍പായി ഒരു ഹിന്ദു കുടുംബം തയാറാക്കികൊണ്ടുവന്ന പായസം എല്ലാവര്‍ക്കും വിതരണം ചെയ്തു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ സാംസ്‌കാരിക പരിപാടികള്‍ രാത്രി എട്ടു മണിവരെ തുടര്‍ന്നു. പിന്നിട് രുചികരമായ സ്‌നേഹവിരുന്നും ആസ്വദിച്ചാണ് എല്ലാവരും പിരിഞ്ഞത്. തിരുനാള്‍ പരിപാടികള്‍ക്ക് ബിജി, മാത്യു, ജോജി,സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

മതേതരത്വം ശക്തമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അതിനു കടകവിരുദ്ധമായി മതേതരത്വ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചുകൊണ്ട് ബ്രിട്ടീഷ് മലയാളി സമൂഹത്തിനു ആകമാനം മാതൃകയവുകയാണ് നോര്‍ത്ത് അലേര്‍ട്ടനിലെ മലയാളികള്‍.