ലണ്ടൻ: കാറിലിരുന്ന് ഒച്ചയുണ്ടാക്കിയ മൂന്നുവയസ്സുകാരനെ നിശബ്ദനാക്കാൻ അമ്മയും കാമുകനും ചേർന്ന് സീറ്റ് പിന്നോട്ടാക്കി ഞെരിച്ചുകൊന്നു. അമ്മേയെന്ന് വിളിച്ച് കുഞ്ഞ് അലമുറയിട്ടെങ്കിലും അവന്റെ ശബ്ദം ഇല്ലാതാകുന്നതുവരെ സീറ്റ് പിന്നോട്ടാക്കിയാണ് ഇവർ ക്രൂരകൃത്യം നടപ്പാക്കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെയും കാമുകനെയും ശിക്ഷിക്കാനൊരുങ്ങുകയാണ് കോടതി. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് ക്രോയ്‌ഡോനിലാണ് സംഭവമുണ്ടായത്.

ആൽഫി ലാംബ് എന്ന മൂന്നുവയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മ അഡ്രിയാൻ ഹോറെയും കാമുകൻ സ്റ്റീഫൻ വാട്ടേഴ്‌സണും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. മാർക്കസ് ലാംബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വാട്ടേഴ്‌സൺ കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്നു. പിൻസീറ്റിലാണ് ഹോറെയും എമിലി വില്യംസ് എന്ന മറ്റൊരു സ്ത്രീയും ഇരുന്നത്. ഇവരോടൊപ്പമായിരുന്നു ആൽഫി. കുഞ്ഞ് തുടർച്ചയായി കരഞ്ഞപ്പോൾ പ്രകോപിതനായ വാട്ടേഴ്‌സൺ സീറ്റ്പിന്നിലേക്കാക്കി ഞെരിക്കുകയുമായിരുന്നുവെന്ന് അന്വേഷണദ്യോഗസ്ഥർ പറഞ്ഞു.

കാറിനുള്ളിൽനിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഞെരിഞ്ഞമർന്ന കുഞ്ഞ് മൂന്നുദിവസത്തിനുശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ക്രോയ്‌ഡോനിലെ വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. കാറിലിരുന്ന് കരഞ്ഞ കുഞ്ഞിനെ ഹോറെ അടിച്ചുവെന്നും എന്നിട്ടും കരച്ചിൽ നിർത്താതായതോടെയാണ് വാട്ടേഴ്‌സൺ സീറ്റ് പിന്നോട്ടാക്കി ഞെരിച്ചതെന്നും ഓൾഡ് ബെയ്‌ലി കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ ബോധിപ്പിച്ചു.

കുറ്റകൃത്യം മറച്ചുവെക്കുന്നതിന് ഹോറെയും വാട്ടേഴ്‌സണും നിരന്തരമായി നുണപറഞ്ഞുവെന്നും അധികൃതർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവർക്കുനേരെയും ഹോറെയും വാട്ടേഴ്‌സണും കൈയേറ്റത്തിന് മുതിർന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴും വാട്ടേഴ്‌സണിന് ഹോറെ സന്ദേശങ്ങളയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് വാട്ടേഴ്‌സൺ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി നാലിനാണ് ആൽഫി ആശുപത്രിയിൽ മരിക്കുന്നത്. ടാക്‌സിക്കാറിനുള്ളിൽ കുടുങ്ങി ആൽഫിക്ക് പരിക്കേറ്റുവെന്നാണ് തുടക്കത്തിൽ ഹോറെ പറഞ്ഞത്. എന്നാൽ, അന്വേഷണോദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്തതോടെ ഇവർ സത്യം പറയുകയായിരുന്നു. മാത്രമല്ല, സംഭവത്തിനുശേഷം തന്റെ ഔഡി കാർ വിൽക്കാൻ വാട്ടേഴ്‌സൺ ശ്രമിച്ചതും സംശയത്തിന് ആക്കം കൂട്ടി. കുട്ടിക്ക് വയ്യാതായപ്പോൾ ഹോറെ തന്നെയാണ് പാരമെഡിക്‌സിനെ വിളിച്ചുവരുത്തിയത്. ഹോറെയുടെ വാക്കുകളിൽ സംശയം തോന്നിയ പാരമെഡിക്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.