ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ചങ്ങനാശ്ശേരി : ഇന്നലെ ബിബിസി യുടെ ലോഗോയുമായി പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയ വഴി അനേകരാണ് ഷെയർ ചെയ്തത് . ഇന്ന് ആ വീഡിയോ വ്യാജമാണന്നുള്ള മെസ്സേജും പ്രചരിക്കുന്നു . കോളേജ് വിദ്ധാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത വീഡിയോ ആണെന്നാണ് മെസ്സേജിൽ പറയുന്നത് . വീഡിയോ വ്യാജം ആണെങ്കിലും ചങ്ങനാശ്ശേരിക്കാരൻ അലിയുടെ ജ്യൂസ്‌ കട തരംഗമായി.

ചങ്ങനാശ്ശേരിയിലെ ഹമീദിയ ഫ്രൂട്സ് ആൻഡ് ജ്യൂസ്‌ സ്റ്റാൾ തികച്ചും വ്യത്യസ്തമായ ഒരു ജ്യൂസ്‌ കടയാണ് എന്ന് വീഡിയോയിൽ പറയുന്നു . വീഡിയോയിൽ കടയെക്കുറിച്ചു സുദീർഘമായ വിവരണം തന്നെയുണ്ട് .വീഡിയോയിലെ കൂടുതൽ വിവരങ്ങൾ ഇവയൊക്കെയാണ് .

 

വൈവിദ്ധ്യമാർന്ന പേരുകളാണ് ഓരോ ജ്യൂസിനും അലി നൽകിയിരിക്കുന്നത്. കുലുക്കി സർബത്താണ് പ്രധാന ഐറ്റം എങ്കിലും സണ്ണിലിയോൺ, ഡിക്യു സർബത്ത്, ഷാജിപാപ്പന്റെ പിങ്കി, മുത്ത്ഗൗ, ദശാവതാരം, പഞ്ചാര കുഞ്ചു തുടങ്ങിയവയും ആളുകൾക്ക് പ്രിയപ്പെട്ടവയാണ്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ് ഈ കടയ്ക്കുള്ളത്.

അലിയുടെ പിതാവ് ഹമീദിയ ആരംഭിച്ച പഴക്കട പിന്നീട് ജ്യൂസ്‌ കടയായി വളരുകയായിരുന്നു. ഇപ്പോളത് അലിയുടെ കൈകളിൽ ഭദ്രം. നിറവും രുചിയും സമന്വയിപ്പിച്ച് ഉണ്ടാക്കിയെടുക്കുന്ന ജ്യൂസുകൾ, കടയിൽ എത്തുന്നവരുടെ ദാഹം അകറ്റുന്നതോടൊപ്പം മനസ്സും നിറയ്ക്കുന്നു. ജ്യൂസ്‌ ഉണ്ടാക്കാൻ ശുദ്ധമായ പഴങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കടയിൽ വിരുന്നെത്തുന്ന ഈച്ചകളിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ. കൊടും ചൂടിലും കുളിരേകുന്ന അലിയുടെ കുലുക്കുവെള്ളത്തിന്റെ കഥ മലയാളം പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്പോഴിതാ ബിബിസിയിലും.

മുകളിൽ വിവരിച്ച പോലെയാണ് വീഡിയോയിലെ വിവരണങ്ങൾ . എല്ലാം ഒറിജനിലിനെ വെല്ലുന്ന രീതിയിലാണ് വ്യാജൻ ഉണ്ടാക്കിയിരിക്കുന്നത് .