ബിനോയി ജോസഫ്

ആലീസ് റോസിംഗ്ടൺ ജനുവരി മുതൽ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങും. അവളുടെ കാലുകളുടെ ചലനശേഷി തിരിച്ചു കിട്ടിത്തുടങ്ങി. 18 റൗണ്ട് കീമോതെറാപ്പിയ്ക്ക് ശേഷം സന്തോഷവതിയായി ആലീസ് തൻറെ വീട്ടിൽ തിരിച്ചെത്തി. 12 വയസുകാരിയായ ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും. ആലീസിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്ന വാർത്ത തങ്ങളെ നടുക്കിയെന്നും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിലെ ടീമിൻറെ കൂട്ടായ പ്രവർത്തനം ചികിത്സ വിജയകരമാക്കാൻ സഹായിച്ചതായി ആലീസിൻറെ പിതാവ് നിക്ക് റോസിംഗ്ടൺ പറഞ്ഞു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മാർത്ഥമായ സേവനത്തെ അദ്ദേഹം പ്രശംസിച്ചു.

ഗാർഡ് ഓഫ് ഓണർ സെറമണി നടത്തിയാണ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആലീസിൻറെ ധീരതയെ അനുമോദിച്ചത്. ആലീസിൻറെ അവസാന റൗണ്ട് കീമോതെറാപ്പി പൂർത്തിയായ ശേഷം സ്റ്റാഫുകൾ എല്ലാവരും C2 വാർഡിൻറെ കോറിഡോറിൽ ഒത്തുകൂടി. ഡോക്ടർമാരും നഴ്സുമാരും ചേർന്ന് തയ്യാറാക്കിയ ഒരു പദ്യം അവർ ഒന്നിച്ചു ചൊല്ലി. കൈയടിയിൽ മുഖരിതമായ അന്തരീക്ഷത്തിൽ കീമോതെറാപ്പി പൂർത്തിയായതായി അറിയിക്കുന്ന ബെല്ല് ആലീസ് മൂന്നു തവണ മുഴക്കി. ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദിക്കുന്ന സർട്ടിഫിക്കറ്റും കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുതലാണ് ആലീസിന് കാലിനു വേദനയനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് വേദന പുറം ഭാഗത്തേയ്ക്ക് ബാധിച്ചു. സയാട്ടിക്കുമായി ബന്ധപ്പെട്ട വേദനയെന്ന് കരുതിയെങ്കിലും പീറ്റർബറോ സിറ്റി ഹോസ്പിറ്റലിലെ സ്കാനിൽ തൈബോണിൽ ട്യൂമർ കണ്ടെത്തി. പിന്നീട് നടന്ന ഡയഗ്നോസിസിൽ ആലിസിന് ഓസ്റ്റിയോസർകോമ എന്ന അപൂർവ്വ ബോൺ ക്യാൻസർ ആണ് എന്ന് കണ്ടെത്തുകയും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിൽ ചികിത്സ ആരംഭിക്കുകയുമായിരുന്നു. ആലീസിൻറെ പന്ത്രണ്ടാം ജന്മദിനവും വാർഡിൽ ആണ് ആഘോഷിച്ചത്. ആലീസിൻറെ ഗാർഡ് ഓഫ് ഓണർ സെറമണിയുടെ വീഡിയോ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.