കോവിഡ്19 ലോകമെങ്ങും ഭീതിപരത്തുമ്പോഴും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള്‍ ഇപ്പോഴും കോവിഡ് മുക്തമാണ് എന്നതാണ് അദ്ഭുതം.

കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും ബോട്്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ,യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതുവരെ 194 രാജ്യങ്ങളിലും അവയുടെ ടെറിറ്ററികളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലിബിയ,യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ബാധയുണ്ടായാലും പുറംലോകം അറിയുക അത്ര എളുപ്പമല്ല.

അയല്‍രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിച്ചെങ്കിലും കോവിഡ് ബാധയില്ലെന്ന ആശ്വാസത്തിലാണ് ബോട്‌സ്വാനയും ദക്ഷിണ സുഡാനും. ഉത്തര കൊറിയയും കോവിഡ് ബാധയില്ലെന്ന നിലപാടിലാണ്.

എന്നാല്‍ ഇത് ലോക രാജ്യങ്ങള്‍ അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. ഒരേയൊരാള്‍ മാത്രമാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് 14 കോടി ജനങ്ങളുള്ള റഷ്യ അവകാശപ്പെടുന്നത്. ഇതും അത്ര വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങള്‍ പറയുന്നത്.

70000ല്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ച ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുന്ന സ്‌പെയിനിലും സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമാണ്.

ജര്‍മനിയില്‍ 33000 രോഗികള്‍ ഉണ്ടെങ്കിലും മരണനിരക്ക് വളരെ കുറവാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്.

രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ജര്‍മനിയിലെ മരണനിരക്ക് കുറയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ജര്‍മനിയുടെ ഈ മാതൃക സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍.