സ്റ്റോക്ക് ഓൺ ട്രെൻഡ്: പ്രവാസജീവിതങ്ങൾ വളെരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ അനുഭനിക്കുന്ന പ്രവാസികളല്ലാതെ ആരും വിശ്വസിക്കുക പ്രയാസം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി സകുടുംബം ജീവിക്കുന്ന യൂറോപ്പ്യൻ നാടുകളിൽ ജീവിത പ്രതിസന്ധികൾ കൂടുതൽ ആണ് എന്ന് പറയുമ്പോൾ അതിൽ അൽപം കാര്യമുണ്ട്. കൊച്ചുകേരളത്തിൽ നിന്നും പല രാജ്യങ്ങളിൽ  പ്രവാസികളായി എത്തിച്ചേർന്നിരിക്കുന്ന കുടുംബങ്ങൾ തങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉയർച്ചക്കും കുട്ടികളുടെ ഉന്നമനത്തിനുമായി ജീവിതം മാറ്റി വച്ചവരാണ് അധികവും എന്നത് ഒരു സത്യമാണ്. തങ്ങളുടെ കുട്ടികൾക്ക്  നല്ല ജീവിത സാഹചര്യങ്ങൾ  ഒരുക്കികൊടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രവാസി മലയാളികൾ ഉള്ള ഒരു സ്ഥലമായി യുകെ മാറിയിരിക്കുന്നു. യൂറോപ്പ്യൻ ജീവിത രീതികളിൽ വഴുതി വീഴാതെ കാത്തു സൂക്ഷിക്കുന്ന ജീവിത മൂല്യങ്ങൾ പകർന്നു നൽകുവാൻ സദാ ഉണർന്നു പ്രവർത്തിക്കുന്ന ഒരു സമൂഹമായിട്ടാണ് യുകെ മലയാളികൾ വളർന്നുകൊണ്ടിരിക്കുന്നത്.വിശ്വാസജീവിതത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന മലയാളികൾ ഇവിടെയായാലും അതിനു ഭംഗം വരുത്തുന്നില്ല എന്നത് നല്ല കാര്യമായി തന്നെ കരുതാം. കുട്ടികളെ മതപരമായ കാര്യങ്ങളിൽ വളർച്ച പ്രാപിക്കുന്നതിന് ഓരോ കുടുംബവും മാസ്സ് സെന്ററുകളോട് ചേർന്ന് നിന്ന് പരിശ്രമിക്കുന്ന കാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിലും പ്രകടമാണ്. കുട്ടികളിൽ ബൈബിൾ വായനാശീലം വളർത്തുന്നതിനൊപ്പം രക്ഷകനായ യേശുവിനെ തന്റെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയില്‍ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.ഇന്നലെ രാവിലെ പറഞ്ഞതുപോലെ തന്നെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ പത്തുമണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. പതിനൊന്നുമണിക്ക് തന്നെ യോഗം ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതമോതി. ഉത്ഘാടനകർമ്മം നിർവഹിച്ചത് ഫാദർ നോബിൾ. ചുരുങ്ങിയ വാക്കുകളിൽ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്. മത്സരം നിയന്ത്രിച്ചത് ഫാദർ ടെറിൻ മുല്ലക്കര, ഡോക്ടർ മാത്യു എന്നിവരടങ്ങിയ ക്വിസ് ടീം ആണ്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ  സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, ശാലു, ഷിജി റെജിനോൾഡ്, സോഫി ജോയി, ഷിൻസി ഡേവിഡ്, ബെറ്റി ബെന്നി, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വൻ വിജയം നേടുകയായിരുന്നു.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 58 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്. പല ഘട്ടങ്ങളിൽ ആയി 25, 13, എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് നാല് ടീമുകൾ. അവസാന വിസിൽ മുഴങ്ങിയപ്പോൾ ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവക അംഗങ്ങള്‍ ആയ ആല്‍വിന്‍ സാലന്‍, മിലന്‍ ടോം എന്നിവര്‍ സിബി പൊടിപ്പാറ സ്പോൺസർ ചെയ്ത 250 പൗണ്ടും റെവ. ഡോ. പ്ലാസിഡ് പൊടിപ്പാറ മെമ്മോറിയൽ  ട്രോഫിയും കരസ്ഥമാക്കി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ജോയേല്‍ ജോര്‍ജ് , പാട്രിക് ജോസഫ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ബിര്‍മിംഗ്ഹാമിലെ ആല്‍വിന്‍ സെബാസ്റ്റ്യന്‍, ലീവിയ മരിയ മനോ എന്നിവര്‍ ദീപ ജോബി സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു.അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ചു പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജൊവാൻ ജോസഫ്, ഡോൺ മാത്യു & അലൻ ജോബി, ജോയൽ ടോമി & അൽഫി സാജൻ, ജേക്കബ് ജോസഫ് & മരിയ റീത്ത, ആരോൺ സെയിൽസ് & ആൽവിൻ എബ്രഹാം, റിജുൻ റൺസുമോൻ & അൻസിൽ സൈജു, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, ആഞ്‌ജലീന സിബി & സീയോൻ സോണി, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, ലിസ് ജോസ് & മാത്യു എബ്രഹാം ജോസ് എന്നീ ടീമുകൾ ആണ്.

സമ്മാനാർഹരായ കുട്ടികൾക്ക് ഡിസംബര്‍ ഒന്നിന് ബിര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കുട്ടികളുടെ വര്ഷം സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. യു കെ യിലെ വിവിധ സെന്ററുകളില്‍ നിന്നെത്തിയ 58 ടീമുകളില്‍ ആയി 116 കുട്ടികള്‍ പങ്കെടുത്തു.