ടിന്റി20 ലോകകപ്പ് മാറ്റിവെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടത്താനാണ് തീരുമാനമെങ്കില്‍ രാജ്യങ്ങള്‍ താരങ്ങളെ ഐപിഎലിന് അയക്കരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യയുടെ ഐപിഎലിന് ലോക ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ സെപ്റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്‍ നടത്തിയാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യും. പണമാണ് ഇവിടെ വിഷയം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ടി 20 ലോകകപ്പിന് പകരം ഐപിഎല്‍ നടന്നാല്‍ അതിനര്‍ത്ഥം ഇന്ത്യ ഗെയിം നടത്തുന്നുവെന്നാണ് അര്‍ഥം. അവര്‍ ഇതിനോട് അടുത്തു കഴിഞ്ഞു. എന്നാല്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ ഒന്നിച്ച് അത് തടയണം. വിവിധ രാജ്യങ്ങള്‍ കളിക്കാരെ ഐപിഎല്ലിലേക്ക് അയക്കുന്നത് തടയുന്നതിലൂടെ അതിനാവുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്ലിന് വഴിയൊരിക്കി കൊടുക്കുന്നത് തെറ്റായ വഴിയിലാണ് നമ്മുടെ പോക്കെന്നത് വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 28ന് ചേരുന്ന ഐസിസി യോഗത്തില്‍ എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.