സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.


ബിരുദ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെടുത്ത ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിലുള്ള തൊഴില്‍ കണ്ടെത്താനോ വരുമാനമുണ്ടാക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നാള്‍ക്കുനാള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഹയര്‍ എജ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിക് ഹില്‍മാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിഷ്‌കളങ്കവും തെറ്റിധാരണാജനകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വരുന്നവരെ സഹായിക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമെ സാമ്പത്തികപരമായ ക്ലേശങ്ങളില്‍ നിന്ന് മോചിതരാകാന്‍ കഴിയുകയുള്ളു. സാമ്പത്തികപരമായ മികച്ചു നില്‍ക്കുന്ന ജോലി സ്വന്തമാക്കാന്‍ വേണ്ടിയാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തേടിയെത്തുന്നത്. എന്നാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ധാരണയില്‍ മാറ്റം വരുന്നു.

കോളേജുകളില്‍ പഠിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്ന സമയത്തു തന്നെ നമ്മുടെ യുവാക്കള്‍ ഭാവി വരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ ജെറിം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ലോണ്‍ തുക മുഴുവനും തിരിച്ചടക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം യൂണിവേഴ്‌സിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട റിവ്യൂവിന് പ്രധാനമന്ത്രി തെരെസ മേയ് പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളോടുള്ള ബ്രിട്ടന്റെ കാലഹരണപ്പെട്ട മനോഭാവത്തെ മേയ് വിമര്‍ശിച്ചിരുന്നു. ഡിഗ്രികളെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇവരില്‍ നിന്നും വന്‍ തുക കോഴ്‌സ് ഫീ ഇനത്തില്‍ ഈടാക്കുന്നതായും മേയ് പറഞ്ഞു.