മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കരുത്. അവയെ പൂര്‍ണ്ണമായും ഒഴിവാക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതില്‍ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടാനുള്ള സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ പറയുന്നു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ റബര്‍ പ്ലാന്റേഷനുകളെ വനമേഖലയായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളിലായുള്ള 13,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിലെ വനപ്രദേശം തെറ്റായി കണക്കാക്കി ഡോ. ഉമ്മന്‍ വി ഉമ്മന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. അതിനാല്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.