നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന ചോദ്യത്തിന് പള്‍സര്‍ സുനി ഉത്തരം നല്‍കിയത് ഈ കഴിഞ്ഞ ദിവസമാണ്. ഈ വെളിപ്പെടുത്തല്‍ ചെന്നെത്തിയത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മില്‍ പരിചയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു. ഇതോടെ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദ്ദവുമായി.

ഭര്‍ത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവര്‍ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്നലെ കാവ്യ ആലുവ ജയിലില്‍ എത്തിയത്. എന്നാല്‍, തന്നെ കാണാന്‍ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ജയില്‍ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലില്‍ എത്തിയത്.അമ്പത്തിയഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ജൂലൈ 10നായിരുന്നു ദിലീപ് അറസ്റ്റിലായത്. വികാര നിര്‍ഭരമായ കൂടിക്കാഴ്ചയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. പിതാവ് മാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എന്നിവരും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റു നീണ്ടു നിന്നു.

കേസിലെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ മറുപടി പറഞ്ഞില്ല. ഇക്കാര്യം പോലീസും ഗൗരവത്തിലെടുത്തിട്ടില്ലയെന്നാണ് വിവരം.അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്.

വീട്ടുകാര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കരുതെന്നു ദിലീപ് വിലക്കിയിരുന്നു. എന്നാല്‍ മകന്‍ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോള്‍ അമ്മ സരോജം ജയിലില്‍ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജും ഒപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് ഇപ്പോള്‍ കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്തുമെന്നുമുള്ള ഉറപ്പിലാണ് പൊലീസ് സുരക്ഷയില്‍ ദിലീപിന് താല്‍ക്കാലിക പരോള്‍ അനുവദിച്ചിട്ടുള്ളത്.<