കേസും വിവാദങ്ങളും മലയാള സിനിമാ പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ച പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ രാമലീല നാളെ തിയേറ്ററുകളിലേക്ക്. നായകന്‍റെ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ ഒരു സിനിമയെ കുരുതി കൊടുക്കരുതെന്ന, മലയാള സിനിമയില്‍ ഉരുത്തിരിഞ്ഞ പൊതുവായ അഭിപ്രായ രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആളുകളുടെ പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്. 7 സംസ്ഥാനങ്ങളിലായി 200 തിയേറ്ററുകളിലാണ് രാമലീലയുടെ റിലീസ്.

കേരളത്തില്‍ മാത്രം 125 തിയേറ്ററുകളില്‍ റിലീസുണ്ട്. അതേസമയം, ചിത്രത്തിന്‍റെ വിജയത്തിനായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബ സമേതം തിയേറ്ററില്‍ എത്തിക്കാന്‍ രാമലീല ടീം നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ലെന്നാണ് സൂചന. മഞ്ജുവാര്യര്‍ രാമലീല കാണാന്‍ തിയേറ്ററില്‍ എത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സിനിമയ്ക്കെതിരായി വാക്കുകൊണ്ടോ നിലപാടുകള്‍കൊണ്ടോ യാതൊരു നീക്കവും മഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. രാമലീലയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു. തന്നെ അനുകൂലിക്കുന്നവരൊക്കെ രാമലീല കാണണമെന്നാണ് മഞ്ജു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും തിയേറ്ററില്‍ എത്തി സിനിമ കാണില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ജനരോക്ഷം ഭയന്ന് തന്നെയാണിത്. അതേസമയം നിലവിലെ ധാരണകളൊക്കെ തെറ്റിച്ച് രാമലീലയെ ജനം നെഞ്ചേറ്റിയാല്‍ പ്രമുഖ താരങ്ങള്‍ നിലപാട് മാറ്റാനും സാധ്യതയുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പ്രിഥ്വിരാജിന്റെയോ ഫാന്‍സുകാര്‍ ഉള്‍പ്പെടെ ആരും രാമലീലയ്ക്കെതിരെ രംഗത്ത് വരില്ല. മാത്രമല്ല ചിത്രത്തിന്‍റെ വിജയത്തിനായി പരമാവധി ഫാന്‍സുകാരും തിയേറ്ററിലെത്താനാണ് തീരുമാനം. മൂവരുടെയും ഫാന്‍സുകാരോട് തിയേറ്ററില്‍ എത്തി ഫാന്‍സുകാരെ പ്രോത്സാഹിപ്പിക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഫാന്‍സുകാരില്‍ നിന്നും അത്ര അനുകൂല മറുപടിയല്ല ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും ഇവരെ അനുനയിപ്പിക്കാന്‍ പ്രമുഖ താരങ്ങള്‍ രംഗത്തുണ്ടാകും.

ദിലീപുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന്‍ തിയേറ്ററുകളില്‍ നിന്നും മാസങ്ങളായി പ്രേക്ഷകര്‍ അകന്നു നില്‍ക്കുന്നതാണ് താരങ്ങളെ ഒന്നാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് പകുതിയോളം പ്രേക്ഷകരുടെ കുറവ് തിയേറ്ററുകളില്‍ ഉണ്ടായെന്നാണ് വിലയിരുത്തല്‍. പ്രിഥ്വിരാജിന്റെ ആദംജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടിലെ ഒഴിവുകാലവും മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ട ഓണചിത്രങ്ങള്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ വരെ പരാജയം രുചിച്ചു. ഈ ടെന്റ് മാറണമെങ്കില്‍ മലയാള സിനിമാ ലോകം ഒന്നിച്ചു നില്‍ക്കണമെന്നാണ് ഇപ്പോള്‍ പൊതുവികാരം. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പങ്ക് പുറത്തുവന്നതിനേക്കാള്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ വിവാദങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രേക്ഷകരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതെന്നതാണ് പൊതുവിലയിരുത്തല്‍.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇരയെ കൈയ്യൊഴിഞ്ഞ് താരങ്ങള്‍ ഒന്നടങ്കം വേട്ടക്കാരനൊപ്പം നിന്നതാണ് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. എന്തായാലും രാമലീല സിനിമ ഇറങ്ങിയാല്‍ ജനം തിയേറ്ററുകള്‍ തകര്‍ക്കും എന്ന ആശങ്ക ഇപ്പോഴില്ല. അത് മാറ്റിയെടുത്തത് രാമലീല ടീമിന്റെ വിജയമാണ്. ഇനി കാര്യങ്ങള്‍ സിനിമയ്ക്ക് അനുകൂലമാക്കാനാണ് ഇവരുടെ നീക്കം. അതിനാല്‍ ആദ്യ ഷോ അരങ്ങേറുന്ന 28 ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നെഞ്ചിടിപ്പ് ഉയരും. ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ സംവിധായകന്‍ അരുണ്‍ ഗോപിയ്ക്കും ഇനിയുള്ള ഓരോ മിനിട്ടുകളും പ്രധാനമാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണത്തില്‍ ആകാംഷയോടെയാണ് ദിലീപിന്റെയും കാത്തിരിപ്പ്. രാമലീല വിജയിച്ചാല്‍ ജനത്തിന് തന്നോടുള്ള എതിര്‍പ്പ് കുറയുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. അത് കേസില്‍ തനിക്കനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ജയിലില്‍ കഴിയുന്ന ദിലീപ്.