പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് സിനിമാ പ്രവര്‍ത്തകര്‍ പലരും രംഗത്ത്. സംവിധായകന്‍ ആഷിക് അബുവിനുപിന്നാലെ നടി അമല പോളും പ്രതികരിച്ചു. ഇന്ത്യ തന്റെ തന്തയുടെ വകയല്ല എന്ന് എഴുതിയ പോസ്റ്റാണ് അമല ഷെയര്‍ ചെയ്തത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയം കൊണ്ട് ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്നും അമല കുറിച്ചു.

ഡല്‍ഹി പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പുതുമുഖ നടന്‍ സര്‍ജാനോ ഖാലിദ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കികൊണ്ട് അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിനെതിരെ നടന്‍ സിദ്ധാര്‍ത്ഥും പ്രതികരിച്ചു.

അമിത് ഷാ ഹോം മോണ്‍സ്റ്റര്‍ ആണെന്ന് സിദ്ധര്‍ത്ഥ് വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെതിരെ താരം പ്രതികരിച്ചു. മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാര്‍ത്ഥ് കുറിച്ചു.