പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ ന്യായീകരണവുമായി അമല പോള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ന്യായീകരണം. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ നിന്നും സ്വത്ത് സമ്പാദിക്കാമെന്ന് താരം പറയുന്നു. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും താന്‍ അഭിനയിക്കാറുണ്ട്. അതിന് മറ്റുള്ളവരുടെ അനുവാദം ആവശ്യമാണോ എന്ന ചോദ്യമാണ് അമല ഉന്നയിക്കുന്നത്.

അധികൃതര്‍ പോലും നിയമവിരുദ്ധമെന്ന് കണ്ടെത്താത്ത കാര്യങ്ങളാണ് തന്റെ പേരില്‍ പ്രചരിക്കുന്നത്. കേരളത്തിലെ പണത്തിന്റെ മൂല്യം തന്നെയല്ലേ മറ്റു സംസ്ഥാനങ്ങളിലുമുള്ളത്. വര്‍ഷത്തില്‍ ഒരു കോടി രൂപ നികുതി അടക്കുന്നയാളാണ് താനെന്നും അമല പോസ്റ്റില്‍ പറയുന്നു. അതോസമയം പോസ്റ്റില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പൊങ്കാലയുമായി രംഗത്തെത്തിയിട്ടുണ്ട്.

നിയമം ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ് രാജ്യത്തെ പൗരത്വമെന്നാണ് ഒരു കമന്റ്. നാണം കെട്ട പ്രവൃത്തി ചെയ്തിട്ട് അതിനെ രാജ്യസ്‌നേഹം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുകയാണ് അമല എന്നും കമന്റ് പ്രത്യക്ഷപ്പെട്ടു. ഒരു കോടി രൂപ വിലയുള്ള ബെന്‍ഡ് എസ്‌ക്ലാസ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപ വെട്ടിച്ചെന്നാണ് നടിക്കെതിരെ ഉയര്‍ന്ന ആരോപണം.