ജീവനക്കാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തില്‍ ആമസോണിനെതിരെ വിമര്‍ശനം ശക്തമാകുന്നു. തൊഴിലാളികള്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റി ഗോഗിള്‍സ് നല്‍കാനുള്ള നീക്കമാണ് വിമര്‍ന വിധേയമാകുന്നത്. ഈ കണ്ണടകള്‍ വെയര്‍ഹൗസുകളിലൂടെ ജീവനക്കാരെ നയിക്കാനും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സഹായിക്കും. ജീവനക്കാരെ നിരീക്ഷിക്കാനുള്ള നീക്കം കമ്പനിയുടെ ബിഗ് ബോസ് സമീപനമാണെന്ന് ജിഎംബി യൂണിയന്‍ ആരോപിച്ചു. ഈ കണ്ണടകള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിനായി ആമസോണ്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. വെയര്‍ഹൗസുകളില്‍ സാധനങ്ങള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ഈ കണ്ണടകള്‍ ജീവനക്കാര്‍ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഉല്‍പന്നങ്ങള്‍ എവിടെയാണ് വെക്കേണ്ടതെന്നും ഇവ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും.

രണ്ടു ദിവസം മുമ്പാണ് കമ്പനി അമേരിക്കയില്‍ ഇതിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയത്. ജോലി സമയത്ത് ജീവനക്കാരുടെ പ്രകടനം നിരീക്ഷിക്കാനും ഈ ഗോഗിള്‍സ് ഉപയോഗിക്കാമെന്ന് പേറ്റന്റ് അപേക്ഷയില്‍ ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓറിയന്റേഷന്‍, ആക്‌സിലറോമീറ്റര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ജീവനക്കാര്‍ നടക്കുന്ന വേഗം, അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയും ലഭ്യമാകും. ഏറ്റവും മോശം ജോലി സാഹചര്യങ്ങളുടെ പേരിലും അഞ്ച് വര്‍ഷത്തോളമായി യുകെയില്‍ ഏറ്റവും കുറവ് കോര്‍പറേഷന്‍ ടാക്‌സ് അടക്കുന്നതിലൂടെയും കമ്പനി വിമര്‍ശനങ്ങള്‍ നേരിട്ടു വരികയാണ്.

ഹൈസ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടം നേരിടുേേമ്പാള്‍ ഓണ്‍ലൈന്‍ വിപണിക്ക് വന്‍ വളര്‍ച്ചയാണ് അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വളര്‍ച്ച ലഭിച്ചിട്ടും 2017ല്‍ വെറും 4.6 മില്യന്‍ പൗണ്ട് മാത്രമാണ് ആമസോണ്‍ കോര്‍പറേഷന്‍ ടാക്‌സ് ഇനത്തില്‍ നല്‍കിയത്. 8.8 ബില്യനായി കമ്പനിയുടെ വില്‍പന വളരുകയും 72 മില്യന്‍ പൗണ്ട് ലാഭം ലഭിക്കുകയും ചെയ്തിട്ടും 6 ശതമാനം മാത്രമാണ് കമ്പനി കോര്‍പറേഷന്‍ നികുതിയായി നല്‍കിയത്.