മലയാളം യുകെ ന്യൂസ് ബ്യുറോ

വാഷിംഗ്‌ടണിലെ യുകെ അംബാസഡർ ആയിരുന്ന കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് താക്കീത് നൽകി സ്കോട്ലൻഡ് യാർഡ്. ഇമെയിൽ വിവരങ്ങൾ പുറത്തുവിട്ടാൽ അതൊരു ക്രിമിനൽ കേസ് ആവുമെന്നും അതുവഴി വിചാരണ നേരിടേണ്ടി വരുമെന്നും പത്രപ്രവർത്തകരോട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസു അറിയിച്ചു. ഇത് മാധ്യമങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് എന്ന വാദവുമായി പലരും രംഗത്ത് വന്നു. നീൽ ബസുവിനെ ഒരു ‘വിഡ്ഢി’ എന്ന് ഈവെനിംഗ് സ്റ്റാൻഡേർഡ് എഡിറ്റർ ജോർജ് ഓസ്ബോൺ വിശേഷിപ്പിച്ചു. മറ്റു പത്രപ്രവർത്തകരും എംപിമാരും സ്കോട്ലൻഡ് യാർഡിന്റെ ഈ പരാമർശത്തെ പ്രതികൂലിച്ചു മുന്നോട്ട് വന്നു. “ജനാതിപത്യത്തെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒന്നാണിത്. മെറ്റ് പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യാൻ പോവുകയാണോ? ” ഫിനാൻഷ്യൽ ടൈംസ് യുഎസ് എഡിറ്റർ പീറ്റർ സ്പൈഗേൽ ചോദിക്കുകയുണ്ടായി. സൺ‌ഡേ ടൈംസ് എഡിറ്റർ ടിം ഷിപ്മാനും തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം ഒരു സമീപനം ഒരു ഏകാധിപത്യ ഭരണഘടനയിൽ മാത്രമേ കാണൂ എന്ന് സൊസൈറ്റി ഓഫ് എഡിറ്റർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ മുറെ അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിൽ മറ്റുള്ള രാജ്യങ്ങൾക്ക് യുകെ മാതൃകയാകണമെങ്കിൽ പോലീസിന്റെ ഇത്തരത്തിലുള്ള കടന്നുകയറ്റം ഉണ്ടാകുവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും അവരുടെ അഭിപ്രായങ്ങൾ നൽകുകയുണ്ടായി. മാധ്യമ സ്വാന്തന്ത്ര്യത്തെ പറ്റി ജെറമി ഹണ്ട് ഈയാഴ്ച ഒരു കോൺഫറൻസ് നടത്തിയിരുന്നു. ഈ സംഭവം യുഎസ് യുകെ ബന്ധം തകരുന്നതിന് കാരണമാകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ അദ്ദേഹവും പ്രതിരോധിച്ചു. ബോറിസ് ജോൺസൻ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾക്ക് വിവരങ്ങൾ നൽകുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം ആണ്. അതിനായാണ് അവർ നിലനിൽക്കുന്നതും. കുറ്റവാളിയെ വിധിക്കുന്നത് ശരി തന്നെ. എന്നാൽ മാധ്യമങ്ങളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നത് ശരിയല്ല. ” ലേബർ പാർട്ടി എംപി ജെറമി കോർബിനും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു.

ഒരാഴ്ച മുമ്പാണ് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ആദ്യത്തെ ഗ്ലോബൽ കോൺഫറൻസ്, യുകെയിൽ വെച്ച് നടന്നത്. യുകെയിലെ മാധ്യമങ്ങൾക്ക് വേണ്ടുംവിധം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു സ്വതന്ത്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം മാധ്യമ സ്വാതന്ത്ര്യം ഏറ്റവും പ്രധാനപെട്ട ഒന്നാണ്. കഴിഞ്ഞാഴ്ച ചോർന്ന മെയിലുകളിൽ ആരംഭിച്ച പ്രശ്നം ഒടുവിൽ കലാശിച്ചത് അംബാസഡർ കിം ഡാരോച്ചിന്റെ രാജിയിലാണ്. യുഎസ് ഭരണകൂടത്തെ പരാമർശിച്ചുള്ള കിമ്മിന്റെ മെയിലുകൾ വിവാദത്തിന് വഴിയൊരുക്കുകയും അതുവഴി യുകെ യുഎസ് ബന്ധം താറുമാറാകുന്നതിനും കാരണമായി. കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സർ അലൻ ഡങ്കൻ അറിയിച്ചു.നമ്മുടെ ഇടയിൽ ഉള്ള ആരെങ്കിലും ആണോ ഇതിന് കാരണക്കാരൻ എന്ന് കണ്ടുപിടിക്കണമെന്നും എംപിമാരോട് അദ്ദേഹം അറിയിച്ചു.