കഴിഞ്ഞ ഒരാഴ്ച പാർലമെന്റിൽ അരങ്ങേറിയ അതിനാടകീയ രംഗങ്ങളെത്തുടർന്ന് ജോൺസന്റെ ക്യാബിനറ്റ് അംഗം ആംബർ റൂഡ് രാജി വെച്ചു. പെൻഷൻ സെക്രട്ടറി ആയ റൂഡിന്റെ ഈ തീരുമാനത്തിന് പിന്നിൽ നോ ഡീൽ ബ്രെക്സിറ്റ്‌ എന്ന അഴിയാകുരുക്കാണ്. യൂറോപ്യൻ യൂണിയനുമായി ഒരു ചർച്ചയക്ക് സർക്കാർ തയ്യാറാവുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റൂഡ്, പ്രധാനമന്ത്രിയുടെ നിലപാടുകളുമായി ഒരു തരത്തിലും യോജിക്കാൻ കഴിയുന്നില്ല എന്നും വ്യക്തമാക്കി.ബ്രെക്സിറ്റ്‌ കാലതാമസ ബില്ലിനെ പിന്തുണച്ച 21 ടോറി എംപിമാരെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ജോൺസന്റെ നീക്കത്തിനെതിരെയും റൂഡ് പ്രതിഷേധിച്ചു.

ബോറിസിന്റെ സഹോദരൻ ജോ ജോൺസൻ രാജിവെച്ച് രണ്ട് ദിവസങ്ങൾക്കു ശേഷം മറ്റൊരു പ്രധാന അംഗത്തെക്കൂടിയാണ് സർക്കാരിന് നഷ്ടമാകുന്നത്. ഒരു കരാറില്ലാ ബ്രെക്സിറ്റിന്റെ തയ്യാറെടുപ്പുകളിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും റൂഡ് പറഞ്ഞു. ഏറ്റവും കഴിവുള്ള മന്ത്രിമാരിൽ ഒരാളെന്ന് റൂഡിനെ വിശേഷിപ്പിച്ച മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, അവരുടെ രാജി ഖേദകരമായ വസ്തുതയാണെന്നും അറിയിച്ചു. ജോൺസനെയാരും വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഈ രാജിയെന്ന് ലേബർ പാർട്ടി ചെയർ ഇയാൻ ലവേറി അഭിപ്രായപ്പെട്ടു.

2010 മുതൽ ഈസ്റ്റ്‌ സസെക്സിലെ ഹേസ്റ്റിംഗ്‌സ് ആൻഡ് റൈയുടെ എംപിയായ ആംബർ റൂഡിന്റെ രാജി ജോൺസന്റെ സർക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. റൂഡിന് പകരം പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫേയ് പെൻഷൻ സെക്രട്ടറിയായി ചുമതലയേൽക്കും. കരാറില്ലാതെ ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നത് തടഞ്ഞുള്ള ബില്ലിന് പാർലമെന്റിന്റെ പ്രഭുസഭയിലും അംഗീകാരം ലഭിച്ചതോടെ രാജ്ഞി ഒപ്പിട്ട് അത് നാളെ നിയമമാകും. ഒപ്പം ഒക്ടോബർ 15ന് ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ജോൺസൻ നാളെ പാർലമെന്റിൽ വീണ്ടും പ്രതിപക്ഷ പിന്തുണ തേടും.