കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസിൽ പിടിയിലായ പ്രതി ആദർശ് പൊലീസിന് നൽകിയ വെളിപ്പെടുത്തൽ ‍ഞെട്ടിക്കുന്നതാണ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രണയത്തിൽ നിന്നും പിൻമാറാൻ രാഖി തയാറായില്ലെങ്കിൽ കൊല്ലാൻ തന്നെ തീരുമാനിച്ചാണ് അഖിൽ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അഖിലിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് മാസങ്ങളായി ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലായിരുന്നു. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ച് ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടാണ് രാഖി അഖിലിനെ വിശ്വസിച്ച് വീട്ടിലേക്കെത്തിയ്. എന്നാൽ കാത്തിരുന്നത് മരണമായിരുന്നു. എന്നാൽ പ്രതിയെന്ന് പറയുന്ന അഖിൽ ഇക്കാര്യം നിഷേധിക്കുകയാണ്.

സംഭവത്തെ കുറിച്ച പിടിയിലായ പ്രതി ആദർശ് പൊലീസിന് നൽകിയ മൊഴി ഇങ്ങനെ:

എന്തു വന്നാലും അഖിലിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോള്‍. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പ്രശ്നം അഖില്‍ സ്നേഹത്തോടെ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് രാഖി അമ്പൂരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്നും അഖില്‍ രാഖിയോട് പറഞ്ഞു. അതിയായ സന്തോഷത്തിലാണ് രാഖി വീട്ടിലെത്തിയത്. ജൂണ്‍ 21ന് രാത്രി 8.30 നാണ് അഖില്‍ അമ്പൂരിയിലെ വീട്ടില്‍വച്ച് രാഖിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുന്നത്. നിലവിളി ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ സുഹൃത്ത് ആദര്‍ശ് വീടിനുമുന്നിലുണ്ടായിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലേറ്റില്‍ കാല്‍ അമര്‍ത്തിവച്ചു.

രാഖി കൊല്ലപ്പെട്ടെന്നു ഉറപ്പാക്കിയശേഷം അഖില്‍ വീടിനു പുറത്തുവരുന്നതുവരെ ഈ പ്രവൃത്തി ആദര്‍ശ് തുടര്‍ന്നുവെന്ന് പൊലീസ് പറയുന്നു. ജൂണ്‍ 21ന് നെയ്യാറ്റിന്‍കരയില്‍നിന്ന് അഖിലിനൊപ്പം കാറിലാണ് രാഖി അമ്പൂരിയിലേക്ക് പോയത്. വീട്ടിലെത്തിയ ശേഷം സ്നേഹത്തോടെയാണ് അഖില്‍ പെരുമാറിയത്. ബന്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് അഖില്‍ വീണ്ടും ആവശ്യപ്പെടുകയും, രാഖി അതിനു തയാറാകാതിരിക്കുകയും െചയ്തതോടെയാണ് കൊലപാതകത്തിലേക്കു കാര്യങ്ങളെത്തിയത്.

രാഖിയെ കുഴിച്ചിടാനും ജഡം മറവുചെയ്യാനും അഖില്‍ ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തി. കുഴി തയാറാക്കി. കുഴിയില്‍ മൂടാന്‍ ഉപ്പ് വീട്ടിലെത്തിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിന്റെ അടുത്താണ് സുഹൃത്ത് ആദര്‍ശിന്റെ വീട്. സുഹൃത്തിനോട് എല്ലാകാര്യങ്ങളും അഖില്‍ പറഞ്ഞിരുന്നു. രാഖിയെ നെയ്യാറ്റിന്‍കരയില്‍നിന്ന് അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തമിഴ്നാട്ടില്‍നിന്ന് കാര്‍ ഏര്‍പ്പാട് ചെയ്തത് ആദര്‍ശാണ്. കൊലപാതകത്തിനുശേഷം അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയി.