ദിലീപ് വിഷയത്തിലെ വ്യത്യസ്ത നിലപാടുകളെ തുടര്‍ന്ന്‍ പരസ്പരം ഭിന്നിച്ചു നിന്ന താരങ്ങളുടെ നിലപാടുകള്‍ കാരണം പ്രതിസന്ധിയിലായിരുന്ന അമ്മയുടെ യോഗം ഉടന്‍ ചേരാന്‍ തീരുമാനം. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ യോഗം വിളിക്കാനാണ് തീരുമാനം. ഇതിനായി പരസ്പരം ഭിന്നിച്ചു നില്‍ക്കുന്ന നാല് വിഭാഗങ്ങളുമായി മുതിര്‍ന്ന താരങ്ങള്‍ അനൌപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അതേസമയം അമ്മയുടെ ഭാരവാഹിത്വമോ അംഗത്വമോ ഉടന്‍ ഏറ്റെടുക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ നടന്‍ ദിലീപ് അമ്മയുടെ യോഗത്തിലും പങ്കെടുക്കില്ലെന്നാണ് സൂചന. താരസംഘടന ഇപ്പോള്‍ നിലവില്‍ 4 തട്ടിലാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്, പ്രിഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവ താരങ്ങള്‍.

Image result for women in collective malayalam film images

ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം, മമ്മൂട്ടിയുടെയും ഇന്നസെന്റിന്റെയും നേതൃത്വത്തില്‍ ഇടത് ആഭിമുഖ്യമുള്ള താരങ്ങളുടെ മറ്റൊരു വിഭാഗം എന്നിങ്ങനെയാണ് നിലവില്‍ താരസംഘടനയിലെ ഭിന്നിപ്പ്. ഇവരില്‍ മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കലക്ടീവും പ്രിഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളും പരസ്പരം സഹകരണത്തിലാണ്. ഇവരുടെ നിലപാടാണ് അമ്മ യോഗത്തില്‍ നിര്‍ണ്ണായകമാകാന്‍ സാധ്യത. ഇത് ഭയന്ന് തന്നെയാണ് ദിലീപ് തല്‍ക്കാലം അമ്മയിലേക്ക് ഇല്ലെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും ഇനി കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകനും നടന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Image result for ganesh kumar  mukesh image

അത് കേസിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് മാറിയേക്കാമെന്നാണ് അഭിഭാഷകന്റെ വിലയിരുത്തല്‍. അതേസമയം അമ്മയുടെ ഔദ്യോഗിക പക്ഷമെന്ന് അറിയപ്പെട്ടിരുന്ന ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന വിഭാഗം ഇപ്പോള്‍ രണ്ടു തട്ടിലാണ്. ദിലീപിന് ആപത്ത് വന്നപ്പോള്‍ നടനെ സംരക്ഷിക്കാന്‍ ശക്തമായ നിലപാട് കൈക്കൊണ്ടില്ലെന്ന വിമര്‍ശനമാണ് മമ്മൂട്ടിക്കെതിരെ ഇതില്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. ഗണേഷ് കുമാറാണ് അതില്‍ മുന്‍പന്തിയില്‍. നടന്‍ സിദ്ദിഖ്, സലിംകുമാര്‍, മുകേഷ്, ജയറാം, മിമിക്രിയിലൂടെ സിനിമയിലെത്തിയ മറ്റ്‌ താരങ്ങള്‍ എന്നിവരുടെയൊക്കെ പിന്തുണ ദിലീപിനും ഗണേഷിനുമാണ്. അതേസമയം, മമ്മൂട്ടിയും ഇന്നസെന്റും സംഘടനയില്‍ ഇപ്പോള്‍ നിശബ്ദരാണ്. സര്‍ക്കാരില്‍ ശക്തമായ സ്വാധീനം ഉണ്ടായിട്ടും ദിലീപിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പഴിയാണ് ഇവര്‍ കേള്‍ക്കുന്നത്. അതേസമയം, ദിലീപിനെതിരെയുള്ള തെളിവുകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഇവരെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഒന്നിലും ഇടപെടാനില്ലെന്നായിരുന്നു ഇവര്‍ സ്വീകരിച്ച നിലപാട്. ഇതൊക്കെയാണെങ്കിലും മോഹന്‍ലാല്‍ ഇതിലൊന്നും പക്ഷം പിടിക്കാതെ മാറി നില്‍ക്കുകയാണ്. ദിലീപിന്റെ ഏറ്റവും വലിയ ശത്രുക്കളായ മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല അവരുടെ ചിത്രമായ ഒടിയന് വേണ്ടി പണം മുടക്കുന്നതും മോഹന്‍ലാലാണ്.

Related image

അതിനാല്‍ തന്നെ ലാലിന്റെ നിലപാടുകളോടും ദിലീപിന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ സിനിമ വേറെ നിലപാടുകള്‍ വേറെ എന്നതാണ് ലാലിന്റെ നിലപാട്. മഞ്ജുവിനും ശ്രീകുമാറിനും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമ്പോഴും ദിലീപ് വിഷയത്തില്‍ പ്രത്യക്ഷത്തില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ലാലിന് കഴിയുന്നുണ്ട്. അതിനാല്‍ തന്നെ നിലവിലെ ഭിന്നിപ്പുകള്‍ പറഞ്ഞവസാനിപ്പിച്ച് വിവിധ വിഭാഗങ്ങളെ ഒന്നിച്ചിരുത്തി അമ്മ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ദൗത്യം ഇന്നസെന്റും മമ്മൂട്ടിയും എല്പ്പിച്ചിരിക്കുന്നതും മോഹന്‍ലാലിനെയാണ്. ഒപ്പം ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഒഴിയാനുള്ള സന്നദ്ധതയും ഇരുവരും ലാലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അത് സമ്മതിച്ചിട്ടില്ല. പകരം ദിലീപിന്റെ പുറത്താക്കല്‍ നടപടി സസ്പെന്‍ഷനില്‍ ഒതുക്കി ദിലീപ് വഹിച്ച ട്രഷറര്‍ സ്ഥാനത്തേക്ക് മാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ലാല്‍. ഈ സ്ഥാനത്തേക്ക് ദിലീപ് നിര്‍ദേശിക്കുന്ന ഒരാള്‍ എന്നതാണ് മോഹന്‍ലാലിന്റെ നിലപാട്.എന്നാല്‍, ആ നോമിനി സിദ്ദിഖ് ആണെങ്കില്‍ അംഗീകരിക്കില്ലെന്നാണ് പ്രിഥ്വിരാജിന്റെയും വിമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെയും നിലപാട്.

അങ്ങനെയെങ്കില്‍ കെ പി എ സി ലളിതയെ ട്രഷററാക്കാനാണ്‌മോഹന്‍ലാലിന് അതീവ താല്പര്യം. ദിലീപും ഇത് അംഗീകരിച്ചേക്കും. മുതിര്‍ന്ന നടി എന്ന നിലയില്‍ മഞ്ജുവാര്യര്‍ വിഭാഗത്തിനും ഇതിനെ എതിര്‍ക്കാനാകില്ല. പകരം യുവ താരങ്ങളില്‍ ചിലരെ ഭാരവാഹിത്വത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. അതിന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി നിയമാവലി പുതുക്കേണ്ടതുണ്ട്. അങ്ങനെ തന്നെ അത് നടപ്പിലാക്കാനുള്ള തയാറെടുപ്പാണ് നിലവില്‍ നടന്നുവരുന്നതെന്നാണ് സൂചന. എന്തായാലും സംഘടന ഒന്നിച്ചു പോകുന്നു എന്നുറപ്പാക്കാനുള്ള ദൗത്യമാണ് മോഹന്‍ലാലില്‍ നിഷിപ്തമായിരിക്കുന്നത്.