ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറെ പഴക്കമുള്ള കപ്പലിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കടലിന്റെ അടിത്തട്ടില്‍, രണ്ടു കിലോമീറ്ററിലേറെ ആഴത്തിൽ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പൽ എന്നാണ് ആദ്യ വിശേഷണം. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ നിൽക്കുന്നു. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവുമില്ല. എന്തിനേറെപ്പറയണം, മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവർ കഴിച്ചിരുന്നതെന്നു കരുതുന്ന മീനിന്റെ മുള്ളു പോലും കപ്പലിൽ സുരക്ഷിതം. അതുപക്ഷേ കടലിലെ ഏതെങ്കിലും മീനിന്റെ മുള്ളാകില്ലേ? യാതൊരു സാധ്യതയുമില്ല. കാരണം, ജീവനുള്ള യാതൊന്നിനും കഴിയാൻ സാധിക്കാത്ത വിധം ഒട്ടും ഓക്സിജനില്ലാത്തത്ര ആഴത്തിലാണു കപ്പൽ കണ്ടെത്തിയത്.

ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള കപ്പലാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പൽ മുങ്ങിയതായിരിക്കണം. ഇതിലുള്ളവര്‍ ആരും തന്നെ രക്ഷപ്പെടാനുമിടയില്ല. അടിത്തട്ടിൽ ഓക്സിജൻ ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ഭദ്രമായി കേടുപാടുകളൊന്നും സംഭവിക്കാതെ ഇക്കാലമത്രയും കപ്പൽ നിലനിന്നതും. പുരാതന കാലത്തെ കപ്പൽ ചാലുകളെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയുമെല്ലാം അറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നു ബ്ലാക് സീ മാരിടൈം ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ചീഫ് സയന്റിസ്റ്റ് ജോൺ ആഡംസ് പറയുന്നു.

എന്നാൽ ഇതു വരെ കപ്പൽ ഉയർത്താനായിട്ടില്ല. അതിനു വരുന്ന ചെലവു തന്നെ പ്രശ്നം. മാത്രവുമല്ല, ഇത്രയും കാലം യാതൊരു കുഴപ്പവും പറ്റാതെയിരിക്കുന്ന കപ്പൽ അതേപടി പുറത്തെത്തിക്കുകയെന്നതു നിസാരമല്ല. കപ്പൽ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു. ചുമ്മാതൊന്നുമല്ല, കണ്ടെത്തിയ കപ്പലുകളിലേറെയും ചരിത്രാതീത കാലത്തെയാണ്. അതും റോമൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലത്തെ! അവയിൽ പലതും മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളത് ചുമർചിത്രങ്ങളിലും മറ്റും മാത്രമാണ്. അതിനാൽത്തന്നെ അവയ്ക്കൊന്നും വിലമതിയ്ക്കാനുമാകുകയില്ല! ഗ്രീക്ക് കപ്പൽ കണ്ടെത്തിയയിടത്തു നിന്നും ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടം കൂടി പ്രോജക്ട് സംഘം കണ്ടെത്തിയിട്ടുണ്ട്.