സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഭരണാധികാരികൾ തന്നെ നടത്തുന്ന യാത്രകളിൽ അതൃപ്തി പ്രകടിപ്പിച്ചു പൊതുജനം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് നടത്തിയ 260 മൈൽ നീണ്ട യാത്ര വിവാദമായിരിക്കുകയാണ്. ഇതിൽ സമൂഹത്തിലെ നിരവധി ആളുകളാണ് തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം പ്രവർത്തികളിൽ പ്രതിഷേധിച്ച് തന്റെ 30 വർഷം നീണ്ട സർവീസിൽ നിന്നു വിരമിക്കാൻ ഒരുങ്ങുകയാണ് ഒരു എൻഎച്ച്എസ് പ്രവർത്തക. ഇത്തരം നിയമവിരുദ്ധ പ്രവർത്തികളെ ഗവൺമെന്റ് പിന്താങ്ങുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. അതോടൊപ്പം തന്നെ കൊറോണ രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിന്റെ പല പ്രവർത്തികളും പരാജയമായിരുന്നു എന്നും അവർ കുറ്റപ്പെടുത്തി. മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം, സെൽഫ് ഐസൊലേഷനു വേണ്ടി പണം നൽകേണ്ടി വരിക, ഇൻഫെക്ഷൻ കണ്ട്രോൾ ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ എല്ലാ പ്രതിസന്ധികളും തങ്ങൾ നേരിട്ടതായി അവർ പറയുന്നു.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് നിരവധിതവണ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ട്. തന്റെ ഭാര്യയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ ദർഹാമിലേക്കു 260 മൈൽ നീണ്ട യാത്ര നടത്തുക, തന്റെ കണ്ണ് പരിശോധിക്കാനായി ഭാര്യയോടൊപ്പം യാത്ര നടത്തുക തുടങ്ങിയവ എല്ലാം അദ്ദേഹം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്ന എൻഎച്ച്എസ് നേഴ്സ് തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. രോഗികൾക്ക് വേണ്ടിയും രോഗം നിർമാർജനത്തിന് വേണ്ടിയും അഹോരാത്രം പ്രയത്നിക്കുകയും തങ്ങളെ പോലെയുള്ളവരുടെ സഹനങ്ങളെ വിലകുറച്ച് കാണുന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ഇത്തരം പ്രവർത്തികളെന്നു അവർ കുറ്റപ്പെടുത്തി.

തന്നെപ്പോലെ തന്നെ തന്റെ സഹപ്രവർത്തകർക്കും ഇത്തരം പ്രവർത്തികളോട് കടുത്ത അതൃപ്തി ഉണ്ടെന്നും അവർ പറഞ്ഞു. തങ്ങൾക്ക് ജോലി ചെയ്യുന്നതിനാവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ പലപ്പോഴും പിഴവുകൾ വന്നിട്ടുണ്ട്. കൃത്യമായ ശമ്പളം പോലും ലഭിക്കുന്നില്ലെന്നും അവർ മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി