അമേരിക്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 7.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടുവെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

എന്നാല്‍ ഭൂകമ്പത്തില്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. അലാസ്‌കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് ഏഴ് മൈല്‍ അടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജി സര്‍വേ പറയുന്നത്.

അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂചലനം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് റിപ്പോർട്ട്.

കൂടാതെ, ഗ്യാസ് ലൈനുകളില്‍ ഭൂകമ്പം ഉണ്ടാക്കിയ തകരാറുകള്‍ മറ്റൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലസ്ഥലത്തും വീടുകളിലേക്കുള്ള ഗ്യാസ് ലൈനുകള്‍ തകരാറിലാണ്. മിക്കയിടത്തും റോഡുകളും തകര്‍ന്ന നിലയിലാണ്.